തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ പ്രേംകുമാര്‍ ഐഎഎസിനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവധിയില്‍ പ്രവേശിക്കുമെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ഐഎഎസിന്റെ പ്രഖ്യാപനം. ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡോ. വേണു ഐഎഎസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രേംകുമാറിനെ മാറ്റിയതിനെതിരെ വേണു ചീഫ് സെക്രട്ടറിക്ക് കുറിപ്പ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സാപ്പ് ഗ്രൂപ്പിലെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. 

To advertise here,

പ്രേംകുമാറിന്റെ സ്ഥലംമാറ്റത്തില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രേംകുമാറിനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. ആറുമാസം മുമ്പ് മാത്രമാണ് അദ്ദേഹം ആ പദവിയില്‍ പ്രവേശിച്ചത്. ഇവിടെ ആധുനികവത്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തുടക്കമിട്ട് അതുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റുന്നത്. 

വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉയരുന്നത്. ചീഫ്‌സെക്രട്ടറി കേഡര്‍ മാനേജ്‌മെന്റില്‍ തികഞ്ഞ പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ഇത്തരത്തില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പ്രേംകുമാറിനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ താന്‍ അവധിയില്‍ പോകുമെന്ന് ഡോ. വി. വേണു ഐഎഎസ് അറിയിച്ചത്. ഇക്കാര്യം രണ്ടുതവണ ഗ്രൂപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുവെന്ന സൂചനകളാണ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ തെളിയിക്കുന്നത്. 

യുവ ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുകയാണ്. 2014ലെ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഒരു തസ്തികയില്‍ നിലനിര്‍ത്തണം. എങ്കില്‍ മാത്രമെ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട് മുന്നോട്ട് വരാനാകു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ കേരളത്തില്‍ അടിക്കടി ലംഘിക്കപ്പെടുന്നു. 

ഇതൊക്കെ നടക്കുമ്പോഴും ചീഫ് സെക്രട്ടറി കാഴ്ചക്കാരനായി നില്‍ക്കുന്നു. കേഡര്‍ മാനേജ്‌മെന്റില്‍ ചീഫ് സെക്രട്ടറി കനത്ത പരാജയമാണെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു. 

സിഎജി റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശത്തിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. അതിനൊപ്പം ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആശാ തോമസ് പ്രസ്താവനയിറക്കി. ഇത് അനുചിതമായ നടപടിയായിപ്പോയെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Content Highlights: get back Premkumar IAS as Survey director, or I will take leave longer- revenue principal secretary