
കൊട്ടാരക്കര: ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം എഴുതി സോളാർ കേസ് പ്രതിക്ക് കൈമാറിയത് ശരണ്യ മനോജെന്ന് മൊഴി. അവർ പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിനൽകുകയായിരുന്നെന്നും പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴിനൽകി.
സോളാർ കേസ് പ്രതിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെയും കോൺഗ്രസ് നേതാക്കളുടെയും പേര് എഴുതിച്ചേർത്തെന്ന കേസിൽ, ഗണേഷ്‌കുമാർ നേരിൽക്കണ്ട് സഹായമഭ്യർഥിച്ചെന്നും ഫെനി മൊഴിനൽകി. 2015 ഏപ്രിലിൽ എം.സി.റോഡിൽ ഏനാത്തിനും കൊട്ടാരക്കരയ്ക്കുമിടയിലായിരുന്നു ഗണേഷ്‌കുമാറുമായുള്ള കൂടിക്കാഴ്ച. ഗണേഷിന്റെ പി.എ. പ്രദീപ്‌കുമാറാണ് തന്നെ വിളിച്ചുവരുത്തിയത്. മറ്റൊരു കാറിലെത്തിയ ഗണേഷ് പ്രദീപിന്റെ കാറിൽ കയറുകയും ഫെനിയോട് സഹായം അഭ്യർഥിക്കുകയുമായിരുന്നു. പ്രദീപിനെയും ശരണ്യ മനോജിനെയുമാണ് കാര്യങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവർ പറയുന്നതുപോലെ ചെയ്യണമെന്നും പറഞ്ഞു. പിന്നീട് പലതവണ ഫോണിൽ വിളിച്ചും നിർദേശങ്ങൾ തന്നിരുന്നു.
2015 മേയ് 12-ന് എം.സി. റോഡിൽ കൊട്ടാരക്കര ഫെയ്ത്ത് ഹോമിനു സമീപം കാത്തുനിന്നാണ് ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജ് കാറിലെത്തിയ ഫെനിക്കും പ്രതിക്കും കത്ത് കൈമാറിയത്. നാലുപേജുള്ള കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളാർ കേസ് പ്രതിയെ ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചെന്നും കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർ പലസ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നും എഴുതിയിരുന്നു. എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നതെന്ന ഫെനിയുടെ ചോദ്യത്തിന് ഇവരെല്ലാം ചേർന്നാണ് ഗണേഷിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അതിന് അവർക്കിട്ട് പണികൊടുക്കണം എന്നുമായിരുന്നു മനോജിന്റെ മറുപടി. തിരുവനന്തപുരത്തെത്തിയാണ് കത്ത് പ്രതി സ്വന്തം കൈപ്പടയിൽ മാറ്റിയെഴുതിയത്.
2013 ജൂലായ് 19-ന് തയ്യാറാക്കി ജൂലായ് 27-ന് പത്തനംതിട്ട ജയിലിൽ ഫെനിക്ക് പ്രതി കൈമാറിയ കത്തിന് 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാൽ സോളാർ കമ്മിഷനിൽ നൽകിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി ബാലകൃഷ്ണൻ മൊഴിനൽകി. സോളാർ പ്രതി ജയിലിൽനിന്നെഴുതിയ കത്തിൽ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേർത്തെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ കേസിലാണ് വിചാരണ നടക്കുന്നത്. സോളാർ പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ഒന്നും രണ്ടു പ്രതികളാണ്. കേസിൽ വിചാരണ തിരഞ്ഞെടുപ്പു കഴിയുംവരെ മാറ്റിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി മാർച്ച് പതിനൊന്നിലേക്കു മാറ്റി.
Content Highlights: Advocate Feni Balakrishnan testified against K.B. Ganesh Kumar in court
Published: 26 Feb 2026, 08:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented