കുമളി: നഗരമധ്യത്തിൽ റിട്ട. എസ്.ഐ.യുടെ നേതൃത്വത്തിൽ ചൂതാട്ടം. ചീട്ടുകളികേന്ദ്രം പരിശോധിച്ചപ്പോൾ, ലൈസൻസില്ലാത്ത തോക്കുകളും മാരകായുധങ്ങളും വെടിമരുന്നു നിറച്ച തോട്ടയും പന്നിയുടെ തേറ്റയും കണ്ടെത്തി.
ചീട്ടുകളിച്ചുകൊണ്ടിരുന്ന റിട്ട. എസ്.ഐ. ഈപ്പൻ വർഗീസ് (70) ഉൾപ്പെടെ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു. 1,35,040 രൂപയും കണ്ടെത്തി.
ഈപ്പന്റെ ഉടമസ്ഥതയിലുള്ള കുമളിയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി. മൂന്നാംതവണയാണ് ഇവിടെനിന്ന് ഇയാളെ അറസ്റ്റുചെയ്യുന്നത്. 2022 നവംബറിൽ രണ്ടരലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ പിടികൂടിയിരുന്നു.
ഈരാറ്റുപേട്ട സ്വദേശികളായ ഹബീബ് (63), മുഹമ്മദ് റസ്സി (43), ആബിൽ ബഷീർ (37), ഹാരിസ് (54), ഏലപ്പാറ സ്വദേശി മാത്യു പോൾ (49), കട്ടപ്പന സ്വദേശികളായ ജയ്മോൻ (48), ഷൈജോ (36), കുമളി സ്വദേശി സാജൻ (40), തോപ്രാംകുടി സ്വദേശി ജിനേഷ് (41) എന്നിവരും അറസ്റ്റിലായി. ഇവരെ ജാമ്യത്തിൽ വിട്ടു.
ചീട്ടുകളി കേന്ദ്രത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന രണ്ട് നാടൻതോക്കുകൾ, രണ്ട് എയർ റൈഫിളുകൾ, വെടിമരുന്ന് നിറച്ച തോട്ടകൾ, വെടിയുണ്ട ഉൾപ്പെടെയുള്ളവയും കണ്ടെത്തി. കാട്ടുപന്നിയുടേതെന്ന് സംശയിക്കുന്ന തേറ്റയും കിട്ടി. കുമളിയിൽ തമിഴ്നാട് വനാതിർത്തിയോട് ചേർന്നാണ് ഈ വീട്. ഈപ്പൻ വർഗീസ് വന്യമൃഗവേട്ടയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.
കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിനും വിവരം കിട്ടിയിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോൻ, കുമളി സി.ഐ. ജോബിൻ ആന്റണി, എസ്.ഐ.മാരായ പി.ഡി. അനൂപ് മോൻ, സജിമോൻ ജോസഫ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.
Content Highlights: gambling under the leadership of retired si
Published: 24 Feb 2023, 06:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented