കൊല്ലം:മൃഗങ്ങളെ ആകർഷിക്കുന്ന പൈനാപ്പിൾ, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിർത്തികളിൽ ഒഴിവാക്കണമെന്ന് കളക്ടർ എൻ. ദേവിദാസ്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തിലാണ് നിർദേശം. ബോധവത്കരണം നടത്താനും പ്രാദേശിക ജാഗ്രതാസമിതികൾ പുനഃസംഘടിപ്പിക്കാനും നിർദേശം നൽകി. അതിവേഗ പ്രതികരണസംഘങ്ങൾ സജ്ജമാക്കും.
പ്രാദേശികമായി ഭീഷണി കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തി അറിയിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപ്പെടുത്തും. തദ്ദേശവാസികളിൽ സന്നദ്ധരായവരെ ഉൾപ്പെടുത്തി പഞ്ചായത്തുകൾ പ്രാഥമിക പ്രതിരോധസേന സജ്ജമാക്കും. ജില്ലയിൽ 22 സംഘങ്ങൾ രൂപവത്‌കരിച്ചു. വനാതിർത്തികളിൽ അനധികൃത വിനോദസഞ്ചാരകേന്ദ്രങ്ങൾ അനുവദിക്കില്ല.
തൊഴുത്തുകളും കൂടുകളും ബലപ്പെടുത്താൻ മൃഗസംരക്ഷണവകുപ്പ് കർഷകർക്ക് മാർഗനിർദേശങ്ങളും സാമ്പത്തികപിന്തുണയും നൽകണം. വനഭൂമി നിരീക്ഷിക്കാൻ ഡ്രോണുകൾ പ്രയോജനപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു. എഡിഎം ജി. നിർമൽകുമാർ, പുനലൂർ ഡിഎഫ്ഒ വൈ.എം. ഷാജികുമാർ, അച്ചൻകോവിൽ ഡിഎഫ്ഒ എസ്. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇതുവരെ നൽകിയത് 3.65 കോടി രൂപ
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവയ്ക്കായി 3.65 കോടി രൂപയാണ് വിതരണം ചെയ്തത്. വനത്തിനുള്ളിൽ ഭക്ഷണ-ജല ലഭ്യത ഉറപ്പാക്കാൻ 2024-25 സാമ്പത്തികവർഷം വനംവകുപ്പ് ജില്ലയിലെ വനമേഖലയിൽ 66 കുളങ്ങളും 50 ബ്രഷ്‌വുഡ് തടയണകളും നിർമിച്ചു. വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ 2.5 കിലോമീറ്റർ ആനക്കിടങ്ങുകളും 52.62 കിലോമീറ്റർ സൗരോർജവേലികളും നിലവിലുണ്ട്.
ഇവ കൂടാതെ നബാർഡിന്റെ ധനസഹായത്തോടെ 17 കിലോമീറ്റർ സോളാർ ഫെൻസിങ്, 31.2 കിലോമീറ്റർ തൂക്കുവേലി, 9.5 കിലോമീറ്റർ ആനക്കിടങ്ങുകൾ എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നെന്ന് തെന്മല ഡിഎഫ്ഒയും സമിതി കൺവീനറുമായ അനിൽ ആന്റണി പറഞ്ഞു.
Content Highlights: fruit farming should not be done in forest borders says collector
Published: 04 Jul 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented