തിരുവനന്തപുരം: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മറ്റൊരു അർത്ഥവത്തായ ചോദ്യംകൂടി ഉയരുന്നുണ്ട്. മറ്റ് എന്തിൽ നിന്നൊക്കെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കേണ്ടത്?. സമകാലിക സമൂഹത്തിൽ വ്യക്തികൾ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെയും തടസ്സങ്ങളെയും കുറിച്ച് ഗൗരവകരമായ ചർച്ച കൂടി ആവശ്യമാണ്. അഴിമതി, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി മരുന്നുകൾ, ഭക്ഷണത്തിലെ മായം, മോശം പെരുമാറ്റം തുടങ്ങിയ വിപത്തുകളിൽ നിന്ന് ഓരോ വ്യക്തിക്കും മോചനം ലഭിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ക്ലബ് എഫ്.എം ഇൻസ്റ്റഗ്രാമിൽ പബ്ലീഷ് ചെയ്ത സന്ദേശവും സമൂഹത്തെ ബാധിച്ചിരിക്കുന്ന ചില ദുഷ്പ്രവണതകളിൽ നിന്ന് യഥാർത്ഥ സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യം കൂടി മുന്നോട്ടുവെക്കുന്നു.
181 വനിതാ ഹെൽപ് ലൈൻ പെൺജീവിതത്തിൻ്റെ ലൈഫ് ലൈൻ
ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ ജീവിതം ഒരു ലൈഫ് ലൈൻ തിരയുന്ന ഘട്ടത്തിൽ വിമൻ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കാം. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുക, സർക്കാർ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നിത്യ ജീവിതത്തിൽ ആവശ്യമായ സേവനം (ഉദാ: അടുത്തുള്ളആശുപത്രി, ഡേ കെയർ തുടങ്ങിയ വിവരങ്ങൾ) സ്ത്രീകൾക്ക് നൽകുക, പോലീസിൻ്റെ അടിയന്തര സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹെൽപ് ലൈൻ വഴി നൽകുന്നത്.
അഴിമതിക്കാർക്ക് പൂട്ടിടാൻ 1064 ഹെൽപ് ലൈൻ
സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ വിജിലൻസിനെ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 1064 എന്ന നമ്പറിൽ വിളിച്ച് അഴിമതിക്കാരുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. അഴിമതിരഹിത സമൂഹം സൃഷ്ടിക്കുന്നതിൽ സംസ്ഥാനത്തെ യുവാക്കളുടെ പങ്കാളിത്തമാണ് ആഭ്യന്തരവകുപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
മാനസികാഘാതം അനുഭവിക്കുന്നവർക്ക് ടെലി-മനസ്
മാനസികാഘാതം അനുഭവിക്കുന്നവർക്ക് ഓൺലൈൻ സഹായ സംവിധാനമായ 'ടെലി-മാനസി'ന്റെ സേവനം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെലി- മാനസിന്റെ 14416 എന്ന ഓൺലൈൻ ഹെൽപ് ലൈൻ നമ്പറിലൂടെ സഹായം തേടാം. കേന്ദ്ര ടെലി- മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ സേവനമാണ് ടെലി-മാനസ്. ഇതിന്റെ ഭാഗമായുള്ള സൗജന്യമായ നമ്പറിൽ വിളിക്കുന്നതിലൂടെ പരിശീലനം ലഭിച്ച കൗൺസിലർമാരുടെയും മാനസികാരോഗ്യ വിദഗ്ദരുടെയും സഹായം ലഭിക്കും.
മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ 112ൽ വിളിക്കാം
ഏത് അത്യാവശ്യ ഘട്ടത്തിലും പോലീസ് സഹായം വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സംവിധാനമാണ് 112 എന്ന ടോൾ ഫ്രീ നമ്പർ. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ നടക്കുമ്പോൾ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ സഹായം ഉടൻ ലഭ്യമാകും.
ഗുണമേന്മയുള്ള ഭക്ഷണം നമ്മുടെ അവകാശം
ഗുണമേന്മയുള്ള ഭക്ഷണം നമ്മുടെ അവകാശമാണ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം.
വേണം ലഹരിയിൽ നിന്നും സ്വതന്ത്ര്യം
ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്നും സ്വതന്ത്ര്യം ആവശ്യമാണ്. വിമുക്തി മിഷന്റെ കീഴിൽ സംസ്ഥാനത്ത് 14 ഡി-അഡിക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കൗൺസിലിങ് സെന്ററുകളുമുണ്ട്. ഇവിടെ നേരിട്ടും ടെലിഫോൺ മുഖേനെയും സേവനം നൽകുന്നു. മെഡിക്കൽ ഓഫീസർ, സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കമുള്ള ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്. ലഹരിയിൽനിന്ന് മോചനം നേടാൻ ടോൾഫ്രീ നമ്പറായ 14405 ൽ വിളിക്കാം.
വ്യക്തിപരമായ സുരക്ഷിതത്വവും നീതിയും ഉറപ്പാക്കുന്ന ഒരു സമൂഹ നിർമ്മിതിയാണ് സ്വാതന്ത്ര്യത്തിന്റെ നമ്പർ. അഴിമതി, ലഹരി, പീഡനം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ സർക്കാർ ഒരുക്കിയിട്ടുള്ള വിവിധ ഹെൽപ്‌ലൈൻ നമ്പറുകളെക്കുറിച്ച് ബോധവാന്മാരാകുക എന്നതും അവ കൃത്യസമയത്ത് ഉപയോഗിക്കുക എന്നതും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ്. ഭയരഹിതമായും ആരോഗ്യപൂർണ്ണമായും ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശം സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ രാജ്യം വിഭാവനം ചെയ്യുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കാൻ സാധിക്കുകയുള്ളൂ.
Content Highlights: Essential Kerala government helpline numbers for women safety, anti-corruption, mental health, and de-addiction. Know your rights and call now for help.
Published: 15 Aug 2026, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented