കല്പറ്റ: എഴുത്തുകാരനും വാഗ്മിയും സോഷ്യലിസ്റ്റുമായ എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർഥം മേയ് 24-ന് കല്പറ്റയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടരുന്നു.

To advertise here,

കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സൗജന്യ തിമിരശസ്ത്രക്രിയ അടക്കം വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഇ.സി.ജി. ഉൾപ്പെടെയുള്ള പരിശോധനാസൗകര്യങ്ങളും ക്യാമ്പിലുണ്ടാകും.

എം.പി. വീരേന്ദ്രകുമാറിന്റെ ആറാംചരമവാർഷികത്തിന്റെ ഭാഗമായി എം.പി. വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റാണ് കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട് മേയ്ത്ര ആശുപത്രി, കോംട്രസ്റ്റ് കണ്ണാശുപത്രി, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവർ ക്യാമ്പിന്റെ ഭാഗമാകും. 24-ന് രാവിലെ ഒൻപതുമണിമുതൽ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലായിരിക്കും ക്യാമ്പ്. സൗജന്യ ക്യാമ്പിൽ നേത്രരോഗവിഭാഗം, അലോപ്പതി, ആയുർവേദ വിഭാഗങ്ങളിലായി 1500-ഓളംപേർക്ക് വിദഗ്ധ ചികിത്സ നൽകും. രജിസ്ട്രേഷൻ പ്രകാരമായിരിക്കും പ്രവേശനം. അതത് വിഭാഗങ്ങൾക്കായി ലഭ്യമാക്കിയിട്ടുള്ള ഫോൺനമ്പറുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കേണ്ടതിന്റെ വിശദാംശങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കല്പറ്റയിലെ മാതൃഭൂമി ഓഫീസുമായും നേരിൽ ബന്ധപ്പെടാം.

നേത്രരോഗ ചികിത്സയൊരുക്കി കോംട്രസ്റ്റ്

കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെ വിപുലമായ സൗകര്യങ്ങളും മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. സൗജന്യ തിമിര ശസ്ത്രക്രിയാനിർണയവും മറ്റു നേത്രരോഗപരിശോധനകളുമാണ് ക്യാമ്പിൽ നടക്കുക.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കെല്ലാം സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുമെന്നും കോംട്രസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. തിമിര ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നവർക്ക് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ വെച്ചായിരിക്കും ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയയെത്തുടർന്നുള്ള മരുന്നുകളും സൗജന്യമായിരിക്കും. നേത്രരോഗ വിഭാഗം ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8714704440 എന്ന നമ്പറിലേക്ക് വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം

ഇ.സി.ജി. സൗകര്യമുൾപ്പെടെ ഒരുക്കി മേയ്ത്ര

കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ പ്രധാന നാലു ചികിത്സാവിഭാഗങ്ങളാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിലെത്തുക. ജനറൽമെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി., കാർഡിയോളജി (ഹൃദ്രോഗവിഭാഗം) വിഭാഗങ്ങളിലായി വിദഗ്ധഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിലെത്തുന്നവർക്ക് രക്തസമ്മർദം, പ്രമേഹരോഗ നിർണയത്തിനായി ബ്ലഡ്ഷുഗർ പരിശോധനകൾക്കും ബി.എം.ഐ. കണക്കാക്കുന്നതും സൗകര്യമൊരുക്കും.

ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമായ രോഗികൾക്ക് ഇ.സി.ജി. പരിശോധനാസൗകര്യവും ക്യാമ്പിലുണ്ടാകും. രജിസ്റ്റർ ചെയ്യാനായി രാവിലെ പത്തുമണി മുതൽ ആറുമണിവരെ 9847238020 എന്ന നമ്പറിൽ വിളിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പ്രവേശനം.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമെത്തും

ശാസ്ത്രീയ ചികിത്സാരീതിയിലൂടെ ആയുർവേദ ചികിത്സാരംഗത്ത് പ്രൊഫഷഷണൽ സമീപനത്തിന് തുടക്കമിട്ട കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ വിദഗ്ധ ഡോക്ടർമാരും മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായെത്തും.

ആയുർവേദ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാർ ടീമിലുണ്ടാകും. ആയുർവേദചികിത്സയ്ക്കായി രാവിലെ പത്തുമണിമുതൽ വൈകീട്ട് ആറുമണിവരെ 8590601384 എന്ന നമ്പറിൽ വിളിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പ്രവേശനം.