ദോഹ: ആരോഗ്യ സംരക്ഷണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ, ബ്രൈറ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.

To advertise here,

ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, കൊളസ്ട്രോൾ തുടങ്ങിയ ചെക്കപ്പുകളും ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റൽ ചെക്ക്, വിഷൻ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.

ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കൽ, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ അതിഥികളായി ക്യാമ്പ് സന്ദർശിക്കുകയും മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ട് കൂടുതൽ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രൈറ്റ് മെഡിക്കൽ സെന്ററിന്റെ നിസ്സീമമായ സഹകരണത്തെയും പ്രവർത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ ഷമീർ മുഹമ്മദിന് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കൽ സമ്മാനിച്ചു. ബ്രൈറ്റ് മെഡിക്കൽ സെന്റർ കോർഡിനേറ്റർ സജ്ന സംബന്ധിച്ചു.

മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖിൽ, അഡൈ്വസർ മിനി ബെന്നി, ട്രഷറർ ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരൺ, നിതാൽ, ദൃശ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

അവതാരകർ അക്ബർ അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ സേവന സന്നദ്ധതയും പ്രൊഫഷണലിസവും സംഘാടകരുടേയും ക്യാമ്പിൽ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.