ഭരണകക്ഷിയുടെയും അനുബന്ധ സംഘടനകളുടെയും പ്രവർത്തകർ സംസ്ഥാനത്തെ പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ നഗരൂരിലെ സബ് ഇൻസ്‌പെക്ടറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞുനിറുത്തി തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതാണ് ഏറ്റവും ഒടുവിലത്തേത്. തിരുവനന്തപുരത്തെ ഒരു മാളിൽവെച്ച് ഒരു പോലീസുകാരനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ആദ്യം കേസെടുത്തത് തല്ലുകൊണ്ട് പോലീസുകാരനെതിരെ ആയിരുന്നു. പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു മുൻ ഡിജിപി എ ഹേമചന്ദ്രൻ ഐപിഎസ്.
താങ്കളുടെ സർവീസ്‌കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അപ്പോൾ ഏതു തരത്തിലാണ് പ്രശ്‌നത്തെ സമീപിച്ചത്?
സാധാരണയായി പോലീസ് ഡിപ്പാർട്ട്‌മെന്റ് മാത്രമല്ല, പൊതുസമൂഹവും പോലീസിനെതിരായ അക്രമങ്ങളെ വളരെ ഗൗരവമായാണ് കാണുന്നത്, അങ്ങനെയാണ് കാണേണ്ടതും. കാരണം, തങ്ങൾക്കെതിരെ അക്രമമോ നീതിനിഷേധമോ ഉണ്ടായാൽ സാധാരണജനം പ്രതീക്ഷ അർപ്പിക്കുന്നത് പോലീസ് സംവിധാനത്തിലാണ്. ആ സംവിധാനം തന്നെ പ്രതിരോധത്തിലാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ പോലീസിനെ തല്ലിയാൽ നടപടി എടുക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യം അങ്ങയുടെ അനുഭവത്തിൽ മുമ്പുണ്ടായിട്ടുണ്ടോ?
അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് നേതൃത്വമാണ്, പ്രത്യേകിച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് നേതൃത്വപരമായ ഇടപെടൽ നടത്തി പോലീസ് സംവിധാനത്തിന് മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിയും എന്ന് ഉറപ്പുവരുത്തേണ്ടത്.
അത് ഇപ്പോൾ വേണ്ട രീതിയിൽ ഉണ്ടാകുന്നില്ല എന്നാണോ?
അത് നടപടികളെ വിലയിരുത്തി പറയേണ്ട ഒരു കാര്യമാണ്. എടുത്തുചാടി നിഗമനത്തിൽ എത്താൻ ഞാനില്ല.
ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാൻ പോലീസിൽ ആഭ്യന്തരമായി എന്തെങ്കിലും സംവിധാനമുണ്ടോ?
ഇല്ല. ജനങ്ങളുമായി നേരിട്ടിടപെടുന്ന താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക്- സബ് ഇൻസ്‌പെക്ടർ മുതൽ പോലീസുകാർ വരെ- ആത്മധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് മുഖ്യമായും ഐപിഎസ് ഉദ്യോഗസ്ഥരുടേത്. ആ ഉത്തരവാദിത്വം ഐപിഎസ് ഉദ്യോഗസ്ഥർ നിറവേറ്റിയാൽ താഴേത്തട്ടിലുള്ളവരൊക്കെ നേരെ പ്രവർത്തിച്ചോളും. അതാണ് മുൻകാല അനുഭവം.
താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്താൻ എന്തെങ്കിലും ഭരണപരിഷ്‌കാരം ആവശ്യമാണോ?
ഇതിൽ റിഫോമിന്റെ പ്രശ്‌നമില്ല. നിലവിലുള്ള നിയമസംവിധാനം വെച്ചുതന്നെ ശക്തമായ നടപടി എടുക്കാൻ കഴിയും. അതിനുള്ള വൈമുഖ്യത്തെ പരിഷ്‌കാരവുമായി ബന്ധിപ്പിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ഇവിടെ നിയമമുണ്ട്, നിയമമനുസരിച്ച് നടപടി എടുക്കാൻ അധികാരമുള്ള ആൾക്കാരുണ്ട്. അതിനുള്ള ധൈര്യം കാണിക്കുക, അല്ലെങ്കിൽ ആ ഉത്തരവാദിത്വം നിറവേറ്റുക എന്ന് മാത്രമേയുള്ളൂ.
മുൻ സർക്കാരുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ പോലീസ് ഭരണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പ്രശ്‌നം തോന്നുന്നുണ്ടോ?
ഇല്ല. അങ്ങനെ താരതമ്യം നടത്തി അഭിപ്രായപ്രകടനത്തിന് ഞാനിപ്പോൾ മുതിരുന്നില്ല.
ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന പോലീസുകാർക്ക് എന്ത് ഉപദേശമാണ് നൽകാനുളളത്?
എനിക്ക് ഉപദേശമൊന്നും കൊടുക്കാനില്ല. ഉത്തരവാദപ്പെട്ട നേതൃത്വം, എസ് പി തൊട്ട് മുകളിലോട്ടുള്ള ഉന്നത ഉദ്യോഗസ്ഥർ, ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ആത്മധൈര്യം പകരുകയാണെങ്കിൽ അവർ നന്നായി പ്രവർത്തിച്ചുകൊള്ളും, അതിനുള്ള പ്രാപ്തിയൊക്കെ അവർക്കുണ്ട്. അവർക്ക് നിയമപരമായ പിന്തുണ മേധാവികളിൽ നിന്ന് കിട്ടിയാൽ മാത്രം മതി.
Content Highlights: Reports of increasing attacks on Kerala police by activists of ruling party affiliates like DYFI and SFI., Such incidents demoralize the police force and send a wrong message to society., Senior IPS leadership has the primary responsibility to support and empower field officers., Existing laws are sufficient to take strong action; the challenge lies in the will to enforce them impartially.
Published: 28 Feb 2026, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented