
പത്തനംതിട്ട: ‘അച്ഛനെ ഒരു വിജ്ഞാനകോശമായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. ഒപ്പം നല്ലയൊരു സുഹൃത്തായും’ -ഹൃദയഭാരത്തോടെയാണ് നവീൻ ബാബുവിന്റെ മക്കളായ നിരഞ്ജനയും നിരുപമയും ഇത് മാതൃഭൂമിയോട് പറഞ്ഞത്. ഉത്തരം കിട്ടാത്തവരായി മക്കൾ വളരരുതെന്ന് ആഗ്രഹിച്ച അച്ഛനെ നീറുന്ന ഒരു ഓർമയായി അവശേഷിപ്പിക്കുകയായിരുന്നു കണ്ണൂരിലെ യാത്രയയപ്പ്.
മക്കളോട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു ‘‘നിങ്ങൾ പെൺകുട്ടികളാണ് എന്നപേരിൽ ഒരിടത്തും മാറിനിൽക്കരുത്. സ്വയംപര്യാപ്തത ശീലമാക്കണം.’’ അച്ഛനെ അത്രമേൽ സ്നേഹിച്ച ഈ കുട്ടികളിൽ ഈ വാക്കുകൾ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. പഠനത്തിലും ജീവിതത്തിലും കുട്ടികൾ അത് പ്രാവർത്തികമാക്കി. നിരഞ്ജന ഫുഡ് ടെക്‌നോളജിയിൽ ബി.ടെക് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. നിരുപമ നീറ്റ് കൗൺസലിങ് കാത്തിരിക്കുന്നു.
നല്ല വായനശീലമുള്ള അച്ഛനോട് എന്തുസംശയം ചോദിച്ചാലും ഉത്തരമുണ്ടാകുമെന്ന് മക്കൾക്കറിയാമായിരുന്നു. ഇംഗ്ലീഷിലെ മിക്കവാറും വാക്കുകളുടേയും അർഥം ഇവർ ചോദിക്കുന്നത് അച്ഛനോടായിരുന്നു. അദ്‌ഭുതപ്പെടുത്തുന്ന ഒരു നിഘണ്ടുവായിട്ട് അച്ഛനെ തോന്നിയിട്ടുണ്ടെന്ന് നിരഞ്ജന പറയുന്നു. ഓട്ടോമൊബൈലിൽ പോളിടെക്‌നിക് ഡിപ്ലോമക്കാരനാണ് നവീൻ ബാബു. അവധിക്കുവന്നാൽ നാലുപേരും വീട്ടിൽ ഒന്നിച്ചിരുന്ന് ഒരു സിനിമ പതിവായിരുന്നു.
രണ്ടുമക്കളേയും 18 വയസ്സ് പൂർത്തിയായപ്പോൾത്തന്നെ ഡ്രൈവിങ് ലൈസൻസ് എടുപ്പിക്കാൻ നവീൻ ബാബു മുന്നിട്ടുനിന്നു. ലൈസൻസ് എടുത്തശേഷം വാഹനമോടിച്ച് പരിചയിക്കാൻ മക്കളെ സഹായിച്ചിരുന്നു. കണ്ണൂരിൽനിന്ന് തീവണ്ടിയിൽ ചെങ്ങന്നൂരിലെത്തുന്ന അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ അമ്മയേയുംകൂട്ടി മക്കളാണ് പോകാറുള്ളത്. അത്തരമൊരു യാത്രയായിരുന്നു ചൊവ്വാഴ്ച പുലർച്ചെയുമുണ്ടായത്. പക്ഷേ, അന്നുമുതൽ ഈ പെൺകുട്ടികളുടെ സന്തോഷം ഇല്ലാതാവുകയായിരുന്നു.
Content Highlights: Father was a friend, says daughters of Naveen Babu, Kannur ADM
Published: 20 Oct 2024, 03:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented