
കൊച്ചി: ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നും ജില്ലയുടെ സന്തുലിത വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും ജമാ അത്ത് ഭാരവാഹികൾ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയിൽനിന്ന് ലഭിച്ച ഇത് ഉൾപ്പെടെയുള്ള ജനകീയാവശ്യങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറും. മലപ്പുറം ജില്ലയിലും വിഭജനം വേണമെന്ന ആവശ്യം പ്രസക്തമാണ്.
എറണാകുളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുക, യുവതലമുറയെ തകർക്കുന്ന ലഹരിമാഫിയയെ തടയുക, പെരിയാറിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കുക, കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ജമാഅത്ത് മുന്നോട്ടുവെച്ചു.
കേരളയാത്രയുടെ ഉപനായകൻമാരായ സയിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദു റഹ്‌മാൻ സഖാഫി, കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, സെക്രട്ടറി സി.ടി. ഹാശിം തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മാറാട് മറക്കാം
മാറാട് കലാപത്തെ കുറിച്ച് ഇപ്പോൾ പറയുന്നതിൽ കാര്യമില്ലെന്നും വീണ്ടും ഓർത്തെടുത്ത് വേദനിപ്പിക്കാതിരിക്കണമെന്നും സയിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. യുഡിഎഫ് വന്നാൽ മാറാട് ആവർത്തിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലന്റെ പ്രസ്താവനയും മറ്റും രാഷ്ട്രീയമാണെന്നും അതേക്കുറിച്ച് പറയാനില്ലെന്നും പേരോട് അബ്ദുറഹ്‌മാൻ സഖാഫി പറഞ്ഞു.
Content Highlights: Kerala Muslim Jama`ath calls for splitting Ernakulam district, proposing Muvattupuzha as the center for a new district to ensure balanced development. Other demands include tackling drug mafia, saving Periyar river, and addressing medical college issues.
Published: 12 Jan 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented