തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ഒരു പരാതിയില്‍ക്കൂടി പ്രാഥമികാന്വേഷണം നടക്കാനിരിക്കുമ്പോഴും മുന്‍ പരാതികളുടെ അന്വേഷണം എങ്ങുമെത്തിയില്ല. പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലും വിവാദങ്ങള്‍ക്കു പിന്നാലെ ജയരാജന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

To advertise here,

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ ആക്കുളത്തെ ഫ്‌ളാറ്റിലെത്തി ജയരാജനെ സന്ദര്‍ശിച്ചത് സംബന്ധിച്ച് ദല്ലാള്‍ നന്ദകുമാറും ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ബി.ജെ.പി.യില്‍ ചേരുന്നതിനുള്ള ചര്‍ച്ച നടത്തിയെന്ന വിവാദത്തിലേക്ക് നീങ്ങിയതിനു പിന്നാലെ ഇരുവര്‍ക്കുമെതിരേ ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി എ.ഡി.ജി.പി. വഴി പ്രഥാമികാന്വേഷണത്തിനായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറിയെങ്കിലും കൂടുതല്‍ നടപടിയൊന്നും ഉണ്ടായതുമില്ല.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതി സതീശനുമായി ബന്ധമുണ്ടെന്ന വിവാദം വന്നപ്പോഴും പരാതിയുമായി ജയരാജനെത്തി. സതീശന്റെ മുന്‍ ഡ്രൈവര്‍ എന്ന് അവകാശപ്പെട്ട വ്യക്തിയായിരുന്നു ജയരാജനെതിരേ ഒരു അഭിമുഖത്തില്‍ ആരോപണമുന്നയിച്ചത്.

ഇതിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനം പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഇത്തരമൊരു പരാതി ലഭിച്ചില്ലെന്ന് തൃശ്ശൂരിലെ ഒരു അഭിഭാഷകന് പോലീസില്‍നിന്ന് വിവരാവകാശ പ്രകാരം മറുപടിയും ലഭിച്ചു. എന്നാല്‍, താന്‍ നല്‍കിയ പരാതിയില്‍ പോലീസ് മേധാവി മൊഴിയെടുത്തുവെന്നായിരുന്നു ഇ.പി. അവകാശപ്പെട്ടത്.