തൃശ്ശൂർ: സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയിൽ കുറഞ്ഞത് ഒന്നേമുക്കാൽ കോടിയിലധികം തൊഴിൽദിനങ്ങൾ. കൂലിയിനത്തിലെ 534 കോടിരൂപയാണ് നഷ്ടമായത്. തദ്ദേശവകുപ്പ് സംയോജനത്തിനുപിന്നാലെ ബ്ലോക്ക് തലത്തിലടക്കം പദ്ധതിനിർവഹണത്തിൽ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെത്തിയതോടെയാണ് തൊഴിലുറപ്പ് പാളിയെതെന്നാണ് ആരോപണം. കോർപ്പറേഷൻ-മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ബ്ലോക്ക്, ജില്ലാപ്പഞ്ചായത്തുകളിലെത്തിയിട്ടുണ്ട്. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയില്ലാത്തതിനാൽ ഇവർക്ക് വ്യക്തമായ ധാരണയില്ലാത്തതും തിരിച്ചടിയായി.

To advertise here,

കഴിഞ്ഞ സാമ്പത്തികവർഷം 5,89,48,429 തൊഴിൽദിനം സൃഷ്ടിച്ചപ്പോൾ ഈ സാമ്പത്തികവർഷം ഇതുവരെ 4,12,87,944 ദിവസങ്ങളാണ് സൃഷ്ടിച്ചത്. നഷ്ടമായത് 1,76,60,485 തൊഴിൽദിനങ്ങൾ. തൊഴിലുറപ്പ് പദ്ധതിയിലെ വേതനം നൽകുന്നത് കേന്ദ്രസർക്കാരാണ്. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ ആറുമാസത്തിൽ 1962.98 കോടി ലഭിച്ചു. തൊഴിൽദിനം കുറഞ്ഞതോടെ ഇക്കുറി ലഭിച്ചത് 1428.56 കോടി മാത്രം.

രാജ്യത്ത് എം.എൻ.ആർ.ഇ.ജി. പ്രകാരമുണ്ടായ തൊഴിൽദിനങ്ങളിൽ 16.6 ശതമാനമാണ് ഇടിവ്. മുൻവർഷം 184 കോടി തൊഴിൽദിനങ്ങളുണ്ടായിരുന്നത് ഈ വർഷം 154 കോടിയായി.ഏറ്റവും കുറവുണ്ടായത് തമിഴ്‌നാട്ടിലും ഒഡിഷയിലുമാണ്. മഹാരാഷ്ട്രയിലും ഹിമാചൽപ്രദേശിലും തൊഴിൽദിനങ്ങൾ കൂടി.