പെരുമ്പാവൂർ: യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനത്തേത്തുടർന്ന് ഇടഞ്ഞുനിന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഒക്കൽ പഞ്ചായത്തിൽ സ്ഥാനാർഥി മനോജ് മൂത്തേടന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തി. സംസ്ഥാന നേതാക്കൾ ഇടപെട്ട് കുന്നപ്പിള്ളിയുടെ പരിഭവങ്ങളെല്ലാം 'കോംപ്ലിമെന്റ്‌സാക്കി' എന്ന് പ്രവർത്തകർ. ഏതുവിധേനയും പിണറായി സർക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന് കുന്നപ്പിള്ളി പറഞ്ഞു.

To advertise here,

പ്രസംഗത്തിനിടെ വേദിയിലെത്തിയ സ്ഥാനാർഥിയെ കുന്നപ്പിള്ളി ത്രിവർണ ഷാൾ അണിയിച്ചു. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര' എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ പരാമർശിച്ച് 'നമുക്കൊക്കെ സ്ത്രീകളായാൽ മതിയായിരുന്നുവല്ലേ മൂത്തേടാ...' എന്നൊരു കമന്റും പ്രസംഗത്തിനിടെ എം.എൽ.എ. പാസാക്കി.

തുടർന്ന് അശമന്നൂർ, വേങ്ങൂർ പഞ്ചായത്തുകളിലെ കൺവെൻഷനുകളും എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി മനോജ് മൂത്തേടൻ ഞായറാഴ്ച രാവിലെ മണ്ഡലത്തിലെ വല്ലം, വെങ്ങോല, തുരുത്തിപ്ലി, ആയത്തുപടി, കീഴില്ലം മേഖലകളിലെ പള്ളികൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. തിങ്കളാഴ്ച രാവിലെ 11-ന് കുന്നത്തുനാട് തഹസിൽദാർ മുൻപാകെ മനോജ് നാമനിർദേശ പത്രിക സമർപ്പിക്കും. വൈകീട്ട് നാലിന് പെരുമ്പാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. വർഗീസ് ഉദ്ഘാടനം ചെയ്യും.