രാജാക്കാട് (ഇടുക്കി): ടൗണിന്റെ തെരുവോരങ്ങളിൽ പരിചിതമായ മുഖമായിരുന്നു പുതുശ്ശേരിയിൽ ശശി (64). പകലുകളിൽ നിശ്ശബ്ദമായി നടന്നുനീങ്ങുകയും രാത്രികളിൽ കടത്തിണ്ണകളിലോ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലോ അന്തിയുറങ്ങുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യൻ. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ തുണിസഞ്ചി തുറന്നപ്പോൾ കണ്ടത് ഒരുലക്ഷത്തിലധികം രൂപ. മഴയും വെയിലും വിശപ്പും ഏകാന്തതയുമൊക്കെ സഹിച്ച് ജീവിച്ച ഒരാളുടെ നിശ്ശബ്ദ സമ്പാദ്യം...

To advertise here,

ശശി ആരോടുമധികം സംസാരിച്ചിട്ടില്ല, ആരോടും പരാതിപ്പെട്ടിട്ടില്ല, കിട്ടുന്നതിൽ തൃപ്തനായി ജീവിച്ചു. പറ്റുന്ന ജോലിയൊക്കെ ചെയ്തു. സുമനസ്സുള്ളവർ ഒരു നേരത്തെ ഭക്ഷണംനൽകി. വർഷങ്ങളായി കിട്ടിയ ചെറുതും വലുതുമായ തുകകൾ കൂട്ടിച്ചേർത്ത് സൂക്ഷിച്ചതാകാം കണ്ടെത്തിയ പണം എന്നാണ് കരുതുന്നത്.

പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉണ്ടായിരുന്ന ആളാണ് ശശി എന്ന് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ പറഞ്ഞു. അസുഖബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് പഞ്ചായത്താണ്. പിന്നീട് മരണത്തിന്‌ കീഴടങ്ങിയപ്പോൾ പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ശശിയുടെ സമ്പാദ്യം എന്തുചെയ്യണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.