കോഴിക്കോട്: എലത്തൂരില്‍ എച്ച്.പി.സി.എൽ.(ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി. പ്ലാന്റില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഓവര്‍ഫ്ലോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നുമാണ് എച്ച്.പി.സി.എല്‍. അധികൃതര്‍ വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

To advertise here,

ടാങ്കിലെ ഇന്ധനം  മുഴുവനായി നീക്കംചെയ്ത് പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ടാങ്കില്‍ ലീക്ക് ഉണ്ടെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് ടാങ്കിലെ ഇന്ധനം നീക്കി പരിശോധിക്കാനുള്ള തീരുമാനം. നാട്ടുകാരുടെ ആശങ്ക അകറ്റും. പുഴയിലെ മത്സ്യങ്ങള്‍ ചത്തുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ട് എന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി.

തോട് ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്ന സാഹചര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍ സര്‍വ്വേ നടത്തി ഇന്ധന ചോര്‍ച്ച മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.