കോട്ടയം: ഇലന്തൂരിൽ കൊല്ലപ്പെട്ട തമിഴ്‌നാട്‌ സ്വദേശിനി പദ്‌മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹാവശിഷ്ടങ്ങൾ 40 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഞായറാഴ്ച രാവിലെ ഒൻപതോടെയാണ്‌ വിട്ടുകൊടുത്തത്.

To advertise here,

പദ്‌മയുടെ മകൻ സെൽവരാജും സഹോദരി പഴനിയമ്മയും നിറകണ്ണുകളോടെ ഏറ്റുവാങ്ങി. രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. മൃതദേഹം ആംബുലൻസിൽ സ്വദേശമായ ധർമപുരിയിലേക്ക്‌ കൊണ്ടുപോയി. മരിച്ചത് പദ്മതന്നെയെന്ന് സ്ഥിരീകരിക്കാനുള്ള ഡി.എൻ.എ. പരിശോധനയടക്കമുള്ളവ നടത്തിയിരുന്നു. ഇതുമൂലമാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയത്. ഒക്‌ടോബർ 11-നാണ്‌ ഇലന്തൂരിൽ നരബലി നടന്ന വിവരം പുറത്തറിഞ്ഞത്‌.

അതേസമയം, കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ വിട്ടുകൊടുക്കാൻ വൈകും. തിരുവനന്തപുരത്തെ ലാബിൽ പരിശോധനകൾ നടക്കുന്നതേയുള്ളൂ. പോലീസിന്റെ അപേക്ഷ കിട്ടിയാൽ മാത്രമേ വിട്ടുനൽകാനാകൂവെന്ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ മൃതദേഹം വിട്ടുകിട്ടുമെന്നാണ്‌ അറിയിച്ചതെന്ന്‌ റോസ്‌ലിന്റെ മകൾ പറഞ്ഞു.