
കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെയും സംഘടനയുടെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷവിമർശനമുയർത്തി പ്രതിനിധികൾ. ഡിവൈഎഫ്‌ഐ കേവലം പൊതിച്ചോറ് മാത്രം നൽകുന്ന ഒരു സംഘടനയായി മാറിയെന്നും, വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള അതിന്റെ വീര്യം നഷ്ടപ്പെട്ടെന്നുമാണ് കോഴിക്കോട് നടന്ന സമ്മേളനത്തിൽ ഉയർന്ന പ്രധാന പരാതി.
പൊതിച്ചോർ ശേഖരിക്കുന്നത് ഒരു മഹത്തായ കാര്യമാണെങ്കിലും, നേതാക്കൾ അതിന്റെ മഹത്വം പറഞ്ഞു നടക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയുടെ പ്രവർത്തനം ഈ ഒന്നിലേക്ക് മാത്രമായി പരിമിതപ്പെട്ടെന്നും വിമർശനമുയർന്നു. മുൻകാലങ്ങളിൽ സജീവമായിരുന്ന കൂട്ടായ രക്തദാനം പോലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിൽ നിന്ന് സംഘടന പിന്നോട്ടുപോയെന്നും വിമർശനമുയർന്നു.
കഴിഞ്ഞ പത്തു വർഷമായി ഭരണത്തിന്റെ തണലിൽ നിൽക്കുന്നത് സംഘടനയെ നിർജീവമാക്കിയെന്നും വലിയ സംഘടനാ വീഴ്ചകൾക്ക് ഇത് കാരണമായെന്നും സമ്മേളനം വിലയിരുത്തി. സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റിനെതിരെയും സമ്മേളനത്തിൽ വലിയ വിമർശനം ഉണ്ടായി. അദ്ദേഹം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി മാറി എന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമ ക്യാമറകൾക്ക് മുന്നിൽ മാത്രമായി ഒതുങ്ങുന്നുവെന്നും പ്രതിനിധികൾ ആരോപിച്ചു.
വിപ്ലവ യുവജന പ്രസ്ഥാനത്തെ നേതൃത്വം നിർജീവമാക്കി മാറ്റുകയാണെന്നും ഈ രീതിയിൽ നിന്ന് അടിയന്തരമായി മാറ്റം വരണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. കോഴിക്കോട് നടക്കുന്ന ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളനത്തിന്റെ ഭാഗമായി പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. എന്നാൽ സമ്മേളനത്തിൽ ഉയർന്ന ഈ രൂക്ഷമായ സ്വയംവിമർശനങ്ങൾ കേവലം മിനിറ്റ്‌സുകളിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Content Highlights: DYFI delegates criticize the organization for reducing its scope to charity work like 'Pothichoru'. Concerns raised over the loss of revolutionary identity and core activities like blood donation. Delegates blame the proximity to power for the organization's current inactivity. Direct criticism against the All-India President for prioritizing media presence over grassroots work.
Published: 14 Jul 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented