
തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനോട് തര്‍ക്കിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡ്രൈവര്‍ യദുവിന് തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടെന്ന നിര്‍ദേശം നല്‍കി. ഡി.ടി.ഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവര്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടിയെടുക്കില്ലെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. വിഷയത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. ഡ്രൈവറില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് ഡി.ടി.ഒ യെ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് ഡ്രൈവര്‍ യദു ആരോപിച്ചിരുന്നു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു വിശദീകരിച്ചത്.
വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴികളും കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍ നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്.
Content Highlights: driver was suspended from work after arguing with Mayor arya rajendran
Published: 29 Apr 2024, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented