ആലപ്പുഴ: നോക്കുകൂലി ചോദിച്ചിട്ടു നല്‍കാത്തതിനാല്‍ സിഐടിയു തൊഴിലാളികള്‍ ലോഡിറിക്കിയില്ലെന്നു പരാതി. ലോഡിറക്കിയില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുംകാട്ടി തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറാണ് ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്.

To advertise here,

കഴിഞ്ഞദിവസം കളര്‍കോടാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്നെത്തിയ സിമന്റ് ലോഡിന് ഇറക്കുകൂലിക്കുപുറമേ 1000 രൂപ നോക്കുകൂലിയും നല്‍കണമെന്ന് സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാലിതു നല്‍കാനാകില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. സ്വയം ലോഡിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐടിയു തൊഴിലാളികള്‍ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പ്രശ്‌നമറിഞ്ഞ സിഐടിയു നേതാക്കള്‍ ലോഡിറക്കി എത്രയുംവേഗം ലോറി വിടണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ ലോഡിറക്കാതെ കിടന്നു. പിറ്റേദിവസം എഐടിയുസി തൊഴിലാളികളെത്തിയാണ് ലോഡിറക്കിയത്.

ചുമട്ടുതൊഴിലാളി ക്ഷേനിധി ബോര്‍ഡിലും ഡ്രൈവര്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലേക്ക് ഇനി ലോഡുമായെത്തില്ല. കുറച്ചുനാള്‍ മുന്‍പ് ടിപ്പറിലെത്തിയ തറയോടിറക്കുന്നത് ബിഎംഎസ് തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ച് തടസ്സപ്പെടുത്തിയിരുന്നു.