
അങ്കോല (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി എം.ഡി പറഞ്ഞു.
വ്യാഴാഴ്ച നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ പരിശോധയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അടിയൊഴുക്ക് കൂടിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഈ ആഴ്ചയും അടുത്ത ആഴ്ചയും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും ഉണ്ട്.
കഴിഞ്ഞദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജർ എത്തിക്കുമെന്നും ചിലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നൽകി. നേരത്തേ 96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചിലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽനടത്താൻ ഡ്രഡ്ജറിന് സാധിക്കും.
ഈ മാസം 16-ന് ആയിരുന്നു അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് വീണ്ടും നിർത്തിയത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.
Content Highlights: Dredger arrive next week to search for Arjun
Published: 30 Aug 2024, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented