കൊച്ചി: നടൻ ദിലീപിന്റെ ശബരിമല ദർശനത്തിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിനായി മറ്റു ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കി.
ഹരിവരാസനം പാടി നടയടയ്ക്കുന്ന നേരത്താണ് ദിലീപും സഹോദരനും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും സന്നിധാനത്ത് ദർശനം നടത്തിയത്. ഇവർക്ക് ദർശനം നടത്തുന്നതിനായി മുൻനിരയിലുണ്ടായ ഭക്തരെ തടഞ്ഞിരുന്നു. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.
ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദിച്ചു. ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയം എന്നത് ആ ദിവസത്തെ ദർശനം ലഭിക്കുന്ന അവസാന സമയമാണ്, എന്തടിസ്ഥാനത്തിൽ ഒന്നാം നിര ബ്ലോക്ക് ആക്കി വച്ചു, എന്തിന് മറ്റ് ഭക്തർക്ക് മാർഗതടസമുണ്ടാക്കിയെന്നും കോടതി ചോദിച്ചു.
ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിൽ വിഐപി ദര്‍ശന വിവാദത്തില്‍ നാല് പേര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നത്.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞിരുന്നു.
Content Highlights: Dilip`s Sabarimala Visit: High Court Slams Devaswom Board
Published: 12 Dec 2024, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented