തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ എഡിജിപി എം.ആർ അജിത്കുമാറിന്റെ മൊഴിയെടുത്ത് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. എഡിജിപി മൊഴി നൽകുന്നതിന് പോലീസ് ആസ്ഥാനത്തെത്തി. എഡിജിപിയുടെ മൊഴിയെടുക്കുന്നതിന് നോട്ടീസ് നൽകുമെന്നും ഓണത്തിന് ശേഷമായിരിക്കും മൊഴിയെടുക്കുകയെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അപ്രതീക്ഷിത നടപടി.

To advertise here,

ഡിജിപി നേരിട്ടാണ് മൊഴിയെടുക്കുന്നതെന്നാണ് വിവരം. യൂണിഫോമിൽ ഔദ്യോ​ഗിക വാഹനത്തിലാണ് അജിത്കുമാർ  പോലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോ​ഗസ്ഥർ മൊഴിയെടുപ്പിൽ ഉണ്ടാവരുതെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇത് അം​ഗീകരിച്ച് ഡിജിപി മാത്രമാണ് മൊഴിയെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിവി അൻവർ എംഎൽഎയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു.  

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പോലീസ് മേധാവി  നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ​ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകൽ, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ്  ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ഡിജിപി ശുപാർശ ചെയ്തിരുന്നു. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.