
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കണം എന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ റെയ്ഡിനെ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിനെക്കുറിച്ച് അറിഞ്ഞ ഉടൻതന്നെ ആവശ്യത്തിന് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു.
'ഇഡി റെയ്ഡ് കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് നടന്നത്. റെയ്ഡ് തുടങ്ങിയ ശേഷമാണ് പോലീസിന് ഇതിനെപ്പറ്റി അറിയാൻ സാധിച്ചത്. ഉടൻതന്നെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിഷേധം നടന്നിരുന്ന പല സ്ഥലങ്ങളിലേക്കായി 300-ലധികം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇന്നലെ ആക്രമണം നടന്ന സ്ഥലത്ത് 50-ഓളം പോലീസുകാർ ഉണ്ടായിരുന്നു.' ഡിജിപി പറഞ്ഞു.
എട്ടുമണിക്കൂർ നീണ്ട റെയ്ഡിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണമുണ്ടായത്. അവർ പുറത്തേക്ക് ഇറങ്ങിയ സമയത്ത് പോലീസുകാർ മാറിനിൽക്കുകയായിരുന്നു. വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും പോലീസുകാർ ഇരുവശത്തേക്കും മാറിനിൽക്കുകയാണ് ചെയ്തത്. അക്രമം നടത്തിയവരെ പിടിച്ചുമാറ്റാൻ പോലും പോലീസ് തയ്യാറായില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സുരക്ഷാവീഴ്ച ഉണ്ടായി എന്ന തരത്തിലായിരുന്നു എഡിജിപി ഇന്നലെ പ്രതികരിച്ചത്. എന്നാൽ ഇതിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രതികരണമാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഭാഗത്തുനിന്നും ഇന്നുണ്ടായത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം ആവശ്യത്തിന് പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
'സംഭവവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ ഇന്നലെത്തന്നെ അറസ്റ്റുചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് ബാക്കിയുള്ള പ്രതികളേയും വൈകാതെ അറസ്റ്റുചെയ്യും. അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കും, അങ്ങനെ കണ്ടെത്തിയാൽ അവർക്കെതിര നടപടി സ്വീകരിക്കും.' ഡിജിപി കൂട്ടിച്ചേർത്തു.
Content Highlights: DGP rejects claims of security failure during the ED raid. Over 300 police personnel deployed across protest sites. 8 suspects already arrested; further investigation ongoing. Home Minister Ramesh Chennithala ordered strict action against attackers.
Published: 28 May 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented