തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ വിവാദ ഫീച്ചറുമായി ബന്ധപ്പെട്ട് നടപടി. ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് മാറ്റി. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടി. ചന്ദ്രമോഹനാണ് പകരച്ചുമതല. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചർ ഉൾപ്പെട്ടിരുന്നത്.

To advertise here,

'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരിൽ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓർമക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിന്റെ മുഖലേഖനം. എന്നാൽ, അവസാനപേജിൽ ടി.സി. രാജേഷ് തയ്യാറാക്കിയ 'കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.' എന്ന ഫീച്ചറുമുണ്ടായിരുന്നു. വി.എസിന്റെ ഓർമക്കുറിപ്പും 'കള്ളൻവിജയൻ' എന്ന ഫീച്ചറും ഒരേ ലക്കത്തിൽ വരുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കുകയായിരുന്നു എന്നാണ് വിവരം.

വാരാന്തപ്പതിപ്പ് നിർത്തിവെച്ചത് സംബന്ധിച്ച വാർത്ത മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതിനെക്കുറിച്ച് ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് അദ്ദേഹം നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടതിനേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.