തിരുവനന്തപുരം: സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിൽ അസാധാരണമായ നടപടി. നാടക കലാകാരനായ വിജയകുമാറിനെക്കുറിച്ചുള്ള 'കള്ളൻവിജയൻ' എന്ന ഫീച്ചർ വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് വിവാദമായതോടെ, അതിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ ഓഫീസ് മുറിയുടെ വാതിൽപൂട്ടി 'പുറത്താക്കി'. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോളാണ് വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടത്. ഇത് തുറന്നുനൽകിയതുമില്ല.
പാർട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്നുകാണിച്ച് അദ്ദേഹത്തിന് റസിഡന്റ് എഡിറ്റർ എം. സ്വരാജ് കാരണംകാണിക്കൽ നോട്ടീസ് നൽകി. തിങ്കളാഴ്ചതന്നെ വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസിലുള്ളത്. അജയൻ മറുപടിയും നൽകിയിട്ടുണ്ട്.
ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചർ ഉണ്ടായിരുന്നത്. 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്നപേരിൽ വി.എസിനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓർമ്മക്കുറിപ്പാണ് വാരാന്തപ്പതിപ്പിന്റെ മുഖലേഖനമായിരുന്നത്. അവസാനപേജിലാണ് ടി.സി. രാജേഷ് തയ്യാറാക്കിയ 'കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ' എന്ന ഫീച്ചറുണ്ടായിരുന്നത്. വി.എസിന്റെ ഓർമ്മക്കുറിപ്പും 'കള്ളൻവിജയൻ' എന്ന ഫീച്ചറും ഒരു വാരാന്തപ്പതിപ്പിൽ വരുന്നത് തെറ്റായ വ്യാഖ്യാനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടിയും വിതരണവും നിർത്തിയത്. വാരാന്തപ്പതിപ്പ് നിർത്തിയതുസംബന്ധിച്ചുള്ള വാർത്ത മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതിനെക്കുറിച്ചാണ് അജയനുനൽകിയ നോട്ടീസിലെ ചോദ്യം.
പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടുന്ന വിഭാഗീയത ദേശാഭിമാനിയിലേക്കുകൂടി പടർന്നതിന്റെ ഫലമായാണ് ഈ വിവരം പുറത്തായതെന്നാണ് സൂചന.
ദേശാഭിമാനി യുക്തംപോലെ ചെയ്യട്ടെ - വി.എ. അരുൺകുമാർ
ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വി.എസിന്റെ മകൻ വി.എ. അരുൺകുമാർ. ദേശാഭിമാനി യുക്തംപോലെ ചെയ്യട്ടെയെന്നാണ് പറയാനുള്ളത്. പത്രം പ്രസിദ്ധീകരിക്കുന്നതും പ്രസിദ്ധീകരിക്കാതിരിക്കുന്നതും രാഷ്ട്രീയമാണ്. അതിനപ്പുറം ഒന്നും പറയാനില്ല. ലേഖനത്തെക്കുറിച്ച് തന്നോടോ കുടുംബാംഗങ്ങളോടോ സംസാരിച്ചിട്ടില്ല- അരുൺകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വി.എസ്. സ്മാരകത്തെക്കുറിച്ച് പാർട്ടി നേതൃത്വവുമായി പലതവണ സംസാരിച്ചിരുന്നുവെന്നും കുടുംബത്തിന്റെ അഭിപ്രായം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: News Editor K.R. Ajayan was locked out of his office at Deshabhimani., The controversy stems from a feature titled 'Kallan Vijayan' in the weekly supplement., Resident Editor M. Swaraj issued a show-cause notice regarding the publication and news leaks., Internal party factionalism is suspected to be a catalyst for the administrative action.
Published: 21 Jul 2026, 06:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented