തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത് താനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പരസ്യമായി സമ്മതിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് താൻ ശുപാർശ കത്ത് നൽകിയതെന്നും, ഇതിൽ യാതൊരു ഒളിച്ചുകളിയുമില്ലെന്നും ഡീൻ വ്യക്തമാക്കി.

To advertise here,

പ്ലീഡർ നിയമനം എന്നത് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഒന്നല്ലെന്നും, മറിച്ച് അർഹരായവരുടെ യോഗ്യതകൾ പരിഗണിച്ച് നടത്തുന്ന ഒരു സെലക്ഷൻ പ്രക്രിയയാണെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന നിലയിൽ തന്റെ മുന്നിൽ നിരവധി ശുപാർശകൾ എത്താറുണ്ടെന്നും മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജിയോണ ജയിംസ് ആ പോസ്റ്റിലേക്ക് തികച്ചും അനുയോജ്യയായ വ്യക്തിയാണെന്ന് തനിക്ക് 100 ശതമാനം ബോധ്യമുണ്ടെന്നും എംപി അവകാശപ്പെട്ടു.

ജിയോണയുടെ മുൻപത്തെ എസ്എഫ്ഐ പശ്ചാത്തലത്തെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ ഡീൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. മുൻപ് ഏത് സംഘടനയിൽ പ്രവർത്തിച്ചു എന്നതിനേക്കാൾ ഇപ്പോൾ ഏത് സംഘടനയിലാണ് അവർ പ്രവർത്തിക്കുന്നത് എന്നാണ് താൻ നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതൽ അവർ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ലോയേഴ്സ് കോൺഗ്രസ് അംഗത്തെ ശുപാർശ ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്ന ആക്ഷേപത്തോട് കടുത്ത ഭാഷയിലാണ് ഡീൻ പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ പശ്ചാത്തലവും പ്രവർത്തനശൈലിയും അറിയുന്നവർക്ക് താൻ ഒരിക്കലും ഒരു എസ്എഫ്ഐ അനുകൂലി ആകില്ലെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌യു പ്രവർത്തനകാലത്ത് എസ്എഫ്ഐക്കാരുടെ ക്രൂരമായ മർദ്ദനമേറ്റ് തന്റെ തലയിൽ 14 തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എസ്എഫ്ഐയുടെ ഫാസിസ്റ്റ് രീതികളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള എംപി താനാണെന്നും അത് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും ഡീൻ ഓർമ്മിപ്പിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ 56 ദിവസത്തോളം ജയിലിൽ കിടന്നിട്ടുള്ള തനിക്ക് സംഘടനാ പ്രവർത്തകരുടെ വികാരം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.