2021 ഏപ്രില്‍ 29 ഒരിക്കലും മറക്കാനാകില്ല. അന്നാണ് അച്ഛന്‍ ഞങ്ങളെ തനിച്ചാക്കി പോയത്. നാലുമാസം പിന്നിട്ടിട്ടും ആ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല. അച്ഛന്‍ എവിടെയൊക്കെയോ ഉണ്ടെന്ന തോന്നല്‍ നല്‍കുന്ന കരുത്തിലാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കൃത്യസമയത്തു മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അച്ഛന്‍ ഇന്നു ഞങ്ങള്‍ക്കൊപ്പമുണ്ടാകുമായിരുന്നു.

To advertise here,

അര്‍ധരാത്രിയില്‍ അസ്വസ്ഥത അനുഭവപ്പെട്ട അച്ഛനെ മിനിറ്റുകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായി. ഡോക്ടര്‍ വിദഗ്ധചികിത്സ നിര്‍ദേശിച്ചപ്പോള്‍ പെരിന്തല്‍ണ്ണയിലോ കോഴിക്കോട്ടോ ഉള്ള ആശുപത്രികള്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന പോംവഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നേരത്തേ ചികിത്സ എന്നതിനാല്‍ പെട്ടെന്നുതന്നെ അവിടേക്ക് എത്തിക്കാനാണു ശ്രമിച്ചത്. പക്ഷേ, വഴിമധ്യേ മഞ്ചേരിയില്‍വെച്ച് അച്ഛന്‍ ഞങ്ങളെ വിട്ടുപോയി.

മലയോരമേഖലയായ നിലമ്പൂരില്‍ മതിയായ ചികിത്സാസൗകര്യമുള്ള ഒരാശുപത്രിയുണ്ടായിരുന്നെങ്കില്‍ അച്ഛനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇവിടത്തെ ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം വേണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. ഈ ആവശ്യത്തിനുനേരെ ഇനിയും കണ്ണടച്ചുകൂടാ. ഇനി ഒരാള്‍ക്കും എന്റെ അവസ്ഥ ഉണ്ടായിക്കൂടാ. പൊതുപ്രവര്‍ത്തകനായതിനാല്‍ അച്ഛനെ എല്ലാവര്‍ക്കുമറിയാം. അതിനാല്‍ മരണവും എല്ലാവരും അറിഞ്ഞു. മതിയായ ചികിത്സാസൗകര്യമില്ലാത്തതിനാല്‍ പുറംലോകമറിയാതെ എത്രപേര്‍ മരിച്ചുപോയിട്ടുണ്ടാകും.

എല്ലാവരുടെയും ജീവന്‍ വിലപ്പെട്ടതാണ്. നിലമ്പൂരില്‍ ആധുനിക ചികിത്സാസംവിധാനത്തിന്റെ അപര്യാപ്തത അച്ഛന്‍ ഗൗരവത്തോടെ കണ്ടിരുന്നു. പരിഹാരത്തിനു കൂടിയോലോചനകളും നടത്തിയിരുന്നു. ഒന്നും പൂര്‍ത്തിയാക്കാനായില്ല. ചികിത്സാ അപര്യാപ്തത പരിഹരിച്ച് ഇനിയൊരു ജീവന്‍കൂടി നഷ്ടപ്പെടാതെ നമുക്കു സംരക്ഷിക്കാനായാല്‍ തീര്‍ച്ചയായും അതെന്റെ അച്ഛനുനല്‍കാവുന്ന ഏറ്റവും വലിയ ആദരവാകും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അതിനു മുന്നിട്ടിറങ്ങണം.

അന്തരിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ മകള്‍

 

Content Highlight: Daughter Nandana remembers VV Prakash