മതിലകം: കാക്ക കൊത്തിക്കൊണ്ടുപോയ അങ്കണവാടി ജീവനക്കാരിയുടെ സ്വർണമാല നാട്ടുകാർ പിന്നാലെ ഓടി എറിഞ്ഞുവീഴ്ത്തി തിരികെ നേടി. മതിലകം കുടുക്കവളവ് പതിമൂന്നാം വാർഡിലെ 77-ാം നമ്പർ ശിശുഭവൻ അങ്കണവാടി ജീവനക്കാരി ഷെർളി തോമസിന്റെ മൂന്നരപ്പവൻ സ്വർണമാലയാണ് അങ്കണവാടിയുടെ കോണിപ്പടിയിൽനിന്ന് കാക്ക കൊത്തിക്കൊണ്ടുപോയത്.
രാവിലെ അങ്കണവാടി തുറന്ന് അടിച്ചുവൃത്തിയാക്കുന്നതിനിടയിൽ മാല ചൂലിൽ കൊളുത്തിയപ്പോൾ കോണിപ്പടിയിൽ ഭക്ഷണപ്പൊതിക്കൊപ്പം ഊരിവെച്ചിരുന്നു. ഭക്ഷണം കൊത്തിക്കൊണ്ടുപോകാൻ വന്ന കാക്ക പക്ഷേ, മാലയുമായാണ് കടന്നുകളഞ്ഞത്.
മാല കാക്ക കൊണ്ടുപോകുന്നേ എന്നുപറഞ്ഞുള്ള ഷെർളി തോമസിന്റെ കരച്ചിൽ കേട്ട് തൊട്ടടുത്ത് റോഡിൽ കുട്ടികളെ സ്കൂൾ ബസിൽ കയറ്റാൻ നിന്നവരും നാട്ടുകാരും കാക്കയുടെ പിന്നാലെ ഓടി.
പുഞ്ചപ്പാടവും കാടും തോടും നിറഞ്ഞ സ്ഥലത്തേക്കാണ് കാക്ക പറന്നതെങ്കിലും തൊട്ടടുത്ത മരത്തിൽ ഇരുന്നത് ഭാഗ്യമായി.
പിന്നാലെ ഓടിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പനക്കൽ സോമന്റെ കണിശതയുള്ള കല്ലേറിൽ കാക്കയുടെ കൊക്കിലുണ്ടായിരുന്ന മാല താഴെ വീണു. കാക്ക കൊത്തിക്കൊണ്ടുപോകുന്നത് നേരിട്ടുകണ്ടതുകൊണ്ട് പോലീസിന് പണി ഒഴിവായി എന്നാണ് നാട്ടുകാർ ഇപ്പോൾ തമാശ പറയുന്നത്.
Content Highlights: Crow Snatches Necklace, Community Rallies to Recover Jewelry in Mathilakam
Published: 14 Aug 2025, 08:37 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented