ഓച്ചിറ: സൗദി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട് കോടമ്പുഴ സീനത്ത് മൻസിലിൽ അബ്ദുൽ റഹീമിന്റെ മേചനത്തിനായി തന്റെ കെട്ടുതാലിയും കുരിശും നൽകിയ സോഫി ബെന്നിയുടെ കുടുംബത്തിന് സ്നേഹസമ്മാനവുമായി സി. ആർ. മഹേഷ് എം.എൽ.എ.

To advertise here,

വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിനു വീട് നിർമിച്ചുനൽകുമെന്ന് സോഫിയെയും കുടുംബത്തെയും സന്ദർശിച്ച എം.എൽ.എ. ഉറപ്പുനൽകി. ഭർത്താവും മൂന്നു മക്കളുമുള്ള കുടുംബം ക്ലാപ്പന ഒതളംത്തുമൂട്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സോഫിയുടെ ഭർത്താവ് ബെന്നിയുടെ പേരിൽ ആലുംപീടികയിൽ ഭൂമിയുണ്ട്. അവിടെയാണ് വീട് നിർമിച്ചുനൽകുന്നത്.

റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണ സന്നദ്ധയാത്ര രണ്ട് വർഷംമുൻപ് എറണാകുളം ടൗൺ ഹാളിൽ എത്തിയപ്പോഴാണ് സോഫിയ കഴുത്തിൽക്കിടന്ന താലിയും കുരിശും സംഘാടകനായ ബോബി ചെമ്മണ്ണൂരിന് കൈമാറിയത്. ദയാധനം നൽകി ജയിൽ മോചിതനായി ബക്രീദിന് നാട്ടിലെത്തിയ ദിവസം റഹീം സോഫിയെ വിളിച്ച് നന്ദി അറിയിച്ചിരുന്നു. ഇതേപ്പറ്റി ‘മാതൃഭൂമി’ ഞായറാഴ്ച വാർത്ത നൽകിയിരുന്നു.