
'അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യം ശരിയാകുമോ. ഇനി എന്തെല്ലാം നടപടിക്രമങ്ങൾ വരാനുണ്ട്. പകുതി വെന്തിട്ട് നിലപാട് സ്വീകരിക്കാനാകില്ല. നെല്ലോണം വേവട്ടെ. അറസ്റ്റ് ചെയ്തത് കൊണ്ട് ഒരാൾക്കെതിരെ നടപടിയെടുക്കാനാകില്ല. കോടതി ശിക്ഷിക്കട്ടെ. അപ്പോൾ നിലപാട് സ്വീകരിക്കും' 2025 നവംബറിൽ ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.പദ്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതാണിത്. പിന്നീട് പലതവണ മാധ്യമങ്ങളുടെ ചോദ്യത്തിന് എം.വി.ഗോവിന്ദൻ ഇതേ നിലപാട് ആവർത്തിച്ചു. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളെ പരിഹസിക്കുകയും ചെയ്തു. 90 ദിവസം പദ്മകുമാർ ജയിലിൽ കിടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. സിപിഎം വലിയ തിരിച്ചടി നേരിട്ടു. തോൽവിയുടെ കാരണങ്ങൾ അവലോകനം ചെയ്ത ശേഷം എം.വി.ഗോവിന്ദൻ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ കണ്ടു.
തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തിയെന്ന് അറിയിച്ചു. 'ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റാരോപിതനായ എ.പദ്മകുമാറിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ജയിലിൽ നിന്ന് വന്നതിന് ശേഷം എല്ലാ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോപണം ഉണ്ടായ ഘട്ടത്തിൽതന്നെ കർശന നടപടി ഉണ്ടായില്ലെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം തിരഞ്ഞെടുപ്പിൽ ഞങ്ങളെ ബാധിച്ചിട്ടുണ്ട്' തോൽവിയുടെ ഒരു കാരണമായി എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഒരാഴ്ച പിന്നിടും മുമ്പേ എ.പദ്മകുമാറിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് സിപിഎം. എം.വി.ഗോവിന്ദൻ നേരത്തെ പറഞ്ഞ കോടതി വിധിയൊന്നും ശബരിമല കേസിൽ വന്നിട്ടില്ല. കുറ്റപത്രവും സമർപ്പിക്കപ്പെട്ടിട്ടില്ല. കേസിൽ പുതുതായി കണ്ടെത്തലുകളുമില്ല. കോടതിവിധി എത്തുംമുമ്പേ വന്ന ജനവിധിയാണ് സിപിഎമ്മിനെ തിരുത്താൻ നിർബന്ധിതമാക്കിയത്.
പദ്മകുമാറിനെതിരായ വിവാദങ്ങളിൽ സമയബന്ധിതമായി നടപടിയെടുക്കാതിരുന്നത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി സംസ്ഥാന സമിതി വിലയിരുത്തിയതിന് പിന്നാലെയാണിപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. നടപടിക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ആണ് സിപിഎം സംസ്ഥാനസമിതി ചുമതലപ്പെടുത്തിയിരുന്നത്.
കുറ്റപത്രം നൽകിയിട്ടില്ലെന്നും നിലവിൽ പദ്മകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുകയുണ്ടായി.
സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടി സസ്‌പെൻഷനിൽ ഒതുങ്ങിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ അത് നീതികേടാകും എന്നതുകൊണ്ടാണ് ഇപ്പോഴത്തെ സസ്‌പെൻഷനെന്നും സിപിഎം ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ആത്മക്കഥ എഴുതാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. സിപിഎം നടപടികളിൽ രണ്ടാമത്തെ വലിയ നടപടിയാണ് സസ്‌പെൻഷൻ. കുറ്റപത്രത്തിൽ പദ്മകുമാറിനെതിരെ കടുത്ത കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിൽ ഏറ്റവും വലിയ നടപടിയായ പുറത്താൽ ഉണ്ടാകുമെന്നാണ് സിപിഎം പറയുന്നത്.
പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നെങ്കിലും അതിലേക്ക് നേതൃത്വം കടന്നില്ല. തന്നെയും ഐജി എസ്.ശ്രീജിത്തിനേയും ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയാണ് ബിന്ദു അമ്മിണി, കനകദുർഗ എന്നിവർക്ക് ദർശനത്തിന് അവസരം ഒരുക്കിയതെന്ന് എം പത്മകുമാർ ചില സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ നടപടിയുണ്ടാകുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സമ്മർദതന്ത്രമായി പോലും ചിലർ ഇതിനെ കണ്ടു. ഏതായാലും പുറത്താക്കൽ എന്ന കടുത്ത തീരുമാനത്തിൽ നിന്ന് പാർട്ടിയെ പിന്തിരിപ്പിച്ചതിൽ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകൾ ഉണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതവും കൂടി കണക്കിലെടുത്താണെന്ന് വ്യക്തം. കഴിഞ്ഞ സമ്മേളന കാലയളവിൽ ജില്ലയിലെ സീനിയർ നേതാവെന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാൽ തന്നെ തഴഞ്ഞ് പാർട്ടിയിൽ വളരെ ജൂനിയറായ മന്ത്രി വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയ നടപടിയെ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്യുകയും ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗമാണെങ്കിലും പാർട്ടി പരിപാടികളിൽ അദ്ദേഹത്തിന് കാര്യമായ റോളുണ്ടായിരുന്നില്ല. നടപടി സസ്‌പെൻഷനിൽ ഒതുങ്ങിയതോടെ പദ്മകുമാർ പാർട്ടിക്ക് വഴങ്ങി തുറന്നുപറച്ചിലുകൾ ഒഴിവാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
എ.പദ്മകുമാറും ശബരിമല കേസും
ശബരിമല സന്നിധാനത്തെ സ്വർണ്ണവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന കേസുകളിലാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പ്രതി ചേർത്തിട്ടുള്ളത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽസ്ഥാപിച്ചിരുന്ന സ്വർണ്ണം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പദ്മകുമാർ പതിനൊന്നാം പ്രതിയാണ്. ശ്രീകോവിലിന്റെ സ്വർണ്ണക്കട്ടിളപ്പാളിയിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ എട്ടാം പ്രതിയായും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 20-നാണ് അന്വേഷണ സംഘം പദ്മകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 100-ലധികം ദിവസത്തെ ജയിൽവാസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
Content Highlights: A. Padmakumar suspended by CPM following electoral setbacks., The party admitted that delayed action against the accused impacted election results., Padmakumar remains an accused in two major cases involving gold theft at Sabarimala., The suspension follows internal pressure and public criticism regarding the party's initial stance., Further disciplinary action depends on the upcoming charge sheet results.
Published: 15 Jun 2026, 06:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented