ഫോട്ടോ: റിദിൻ ദാമു
തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സൈബര്‍ ഇടങ്ങളില്‍ ചറുക്കാനുള്ള നിര്‍ദേശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്നതാണ് വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ശബ്ദരേഖ.
ഇടേണ്ട കമന്റുകള്‍ പാര്‍ട്ടി തയ്യാറാക്കി നല്‍കുമെന്നും ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒരാള്‍ ഒന്നില്‍ കൂടുതല്‍ കമന്റ് ചെയ്യേണ്ടതില്ല. പാര്‍ട്ടിക്കെതിരേയുള്ള പ്രചരണം തടയുന്നതോടൊപ്പം പാര്‍ട്ടി പേജുകളുടെ ലൈക്ക് വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്കാണ് നിര്‍ദേശം. തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത ദിവസമാണ് ജയരാജന്റെ നിര്‍ദേശം പുറത്തുവന്നത്.
എം.വി. ജയരാജന്റെ ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍
തിരുവനന്തപുരത്ത് റാങ്ക് ലിസ്റ്റില്‍ പേരുള്ള ഒരാള്‍ ജോലി ഇല്ലാത്തതിന്റെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എതിരാളികള്‍ നല്ലതുപോലെ ആസൂത്രിതമായുള്ള കമന്റുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതിയില്‍ ഒരു പ്ലാന്‍ ഉണ്ടാക്കണം. അതില്‍ എന്തെല്ലാമാണ് കമന്റ് ബോക്സില്‍ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ കാപ്സ്യൂള്‍ ടൈപ്പ് ആയി അയച്ചുതരുന്നുണ്ട്. അത് ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങള്‍ വരുത്താന്‍ ശ്രമിക്കണം. ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര് കമന്റ് ചെയ്യുക എന്നിടത്ത് എത്തണം. അതൂകൂടി ശ്രദ്ധിക്കണം എന്നു പറയാനാണ് ഈ സമയം പങ്കിടുന്നത്. എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു. പ്രചാരവേല ശക്തിപ്പെടുത്തുന്നതിന്റെയും ഫേയ്സ്ബുക്ക് ലൈക്ക് വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള കാര്യങ്ങളില്‍ എല്ലാ സഖാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടകണം എന്ന് അഭ്യര്‍ഥിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള സഖാക്കള്‍ക്ക് ഈ നിര്‍ദേശം പോകേണ്ടതുണ്ട്.
Content Highlights: CPM's planned defense on the PSC issue; MV Jayarajan's voice message
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..