കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത്‌ അംഗീകരിച്ചു. എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തത് അംഗീകരിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകളുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി തന്നെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

To advertise here,

ആദ്യം ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടിവന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇത്തരം നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും ജില്ല- സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് അഡ്വ. കെ.എസ്. അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു താത്പര്യം. എന്നാല്‍, ഇതേസമയത്ത് പി. രാജീവിന്റെ നേതൃത്വത്തിലുള്ളവര്‍ മറ്റൊരു സ്ഥാനാര്‍ഥിക്കും നീക്കം നടത്തി. ഇത് ചിലനേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ചില നേതാക്കള്‍ക്ക് മറ്റുചില താത്പര്യങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാമര്‍ശങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്. എന്നാല്‍, തോല്‍വിയില്‍ ആര്‍ക്കെതിരേയും നടപടിയില്ല.