മലപ്പുറം: മത-വർഗീയ പ്രസ്താവനകളോടും നിലപാടുകളോടും സിപിഎം കൈക്കൊള്ളുന്ന ഉദാസീനനിലപാട് വിനയാകുമോ എന്ന ആശങ്കയിലാണ് മലബാറിലെ ഒരു വിഭാഗം ഇടതുനേതാക്കൾ. മുസ്‌ലിം വിഭാഗത്തെ മൊത്തത്തിൽ എതിർസ്ഥാനത്തു നിർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ അനുവദിക്കാനാവില്ലെന്ന് എ.പി. വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഈ കർശനനിലപാട് പാർട്ടി ഉൾക്കൊണ്ടതിന്റെകൂടി ഫലമായാണ് മന്ത്രി സജി ചെറിയാൻ വിവാദമായ പ്രസ്താവന നിരുപാധികം പിൻവലിച്ചത്.

To advertise here,

സിപിഎം ശക്തികേന്ദ്രമായ കോഴിക്കോട്, കണ്ണൂർ മേഖലയിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ സുപ്രധാനമാണ്. 1989-ൽ സമസ്ത, ഇ.കെ. വിഭാഗവും എ.പി. വിഭാഗവുമായി പിളർന്നതുമുതലേ എ.പി. വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇരുവിഭാഗവും വിപുലമായതോതിൽ ശതാബ്ദി ആഘോഷിക്കുകയാണ്. രണ്ടു വേദിയിലും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ലീഗിന്റെയും നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ, ‘മനുഷ്യരോടൊപ്പം’ എന്നപേരിൽ നടന്ന കേരളയാത്രയിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ കാര്യമായി പങ്കെടുത്തിരുന്നു.

ഇതിനിടെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം പറഞ്ഞ് ലീഗിനെയും യുഡിഎഫിനെയും നിരന്തരം ആക്രമിക്കുന്ന തരത്തിലുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ ഉണ്ടായിക്കൊണ്ടിരുന്നത്. കേരളീയസമൂഹത്തിൽ മുസ്‌ലിംവിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യാപക വിമർശനവും ഉണ്ട്. അതിനിടെയാണ് മുസ്‌ലിംസമൂഹത്തെ ആകെത്തന്നെ എതിരുനിർത്തി സജി ചെറിയാന്റെ വിവാദപരാമർശങ്ങളുണ്ടായത്. മുൻപ്‌ മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകൾ വന്നപ്പോഴും എ.പി. വിഭാഗം വിയോജിപ്പ് അറിയിച്ചിരുന്നു.

എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹിന്ദു ഐക്യം എന്ന നിലയിലേക്കെത്തിച്ചാൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷണം. തെക്കൻജില്ലകളിൽ ഹിന്ദുവോട്ടുകളും വടക്കൻ ജില്ലകളിൽ മുസ്‌ലിം വോട്ടുകളും ഇടതുപക്ഷത്തുനിന്ന് അകന്നുപോകുന്ന സ്ഥിതിയുണ്ടായാൽ അപകടമാകുമെന്ന തിരിച്ചറിവ് ഒരു വിഭാഗം ഇടതു നേതാക്കൾക്കുമുണ്ട്.