പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും അണികളിലും അസംതൃപ്തിയുണ്ടെന്നും അത് യു.ഡി.എഫിന് വോട്ടായി മാറുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സി.പി.എമ്മില്‍ നിന്ന് നന്നായി വോട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചേലക്കരയിലും പാലക്കാടും ഭൂരിപക്ഷം കണക്കാക്കുന്നതില്‍ സി.പി.എമ്മില്‍ നിന്ന് ലഭിക്കാവുന്ന വോട്ടുകളും കണക്കാക്കുന്നുണ്ട്.സി.പി.എം അനുഭാവികളുടെ വീടുകളില്‍ ചെല്ലുമ്പോള്‍ ഇത്തവണ അവര്‍ക്ക് വോട്ട് ചെയ്യില്ല, പാര്‍ട്ടി ഒന്ന് നന്നാകട്ടെ എന്നിട്ട് വോട്ടുചെയ്യാം എന്ന് പറയുന്ന നല്ല സഖാക്കളുണ്ടെന്നും സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇ.പി. ജയരാജന്റെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. ഞങ്ങള്‍ അതിലൊന്നും ഇടപെടില്ല. പക്ഷേ ജാവദേക്കറെ കണ്ടതിന്റെ പേരില്‍ മാറ്റിയതില്‍ അദ്ദേഹത്തിന് സങ്കടമുണ്ട്. പാര്‍ലമെന്റ് ഇലക്ഷന്റെ അന്ന് ഇതുപോലെ ഒരു വിവാദമുണ്ടായതാണല്ലോ, ഈ ഇലക്ഷന്റെ അന്നും ഇങ്ങനെ ഒരു വിവാദം ഉണ്ടായി എന്ന് കരുതിയാല്‍ മതിയെന്നും പുസ്തക വിവാദത്തിൽ അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിലേക്ക് ഒന്നും പോകുന്നില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കമാണ് പ്രധാനമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. ഒന്ന് പാലക്കാട് സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കാര്യം പിന്നെ എല്ലാവരും പറയുന്ന രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും അണികളിലുമുള്ള വികാരം. അതുകൊണ്ടല്ലേ ഞങ്ങള്‍ക്ക് വോട്ടുകിട്ടുന്നതെന്നും സതീശന് ചോദിച്ചു.
വി.ഡി. സതീശനെക്കുറിച്ച് മോശമായി പറയാനോ വിമര്‍ശിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതിനുള്ള സ്വാതന്ത്ര്യം സണ്ണിക്കുട്ടി എബ്രഹാമിനുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുകയോ കമ്പ്യൂട്ടര്‍ എടുത്തോണ്ട് പോരുകയോ ചെയ്തില്ല. ആളുകളെ വിട്ട് കല്ലെറിയിപ്പിക്കുകയോ, വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്തില്ല. ഒരാള്‍ ആരോപണം ഉന്നയിച്ചാല്‍ അത് ശരിയാകണം എന്നില്ലല്ലോയെന്നും ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സതീശന് കൂട്ടിച്ചേര്‍ത്തു.
Content Highlights: CPM Discontent Could Benefit UDF says VD Satheesan
Published: 13 Nov 2024, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented