ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കി പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ഒരുകാരണവശാലും ആരെയും ചാരിനില്‍ക്കരുതെന്നും പാര്‍ട്ടിയായി തന്നെ നില്‍ക്കാന്‍ പഠിക്കണമെന്നും എസ്ആര്‍പി പറഞ്ഞു. 

To advertise here,

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിക്കാന്‍ പാടില്ല. അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും മാനസികമായ ഐക്യം ഉണ്ടാകണമെന്ന നിര്‍ദേശവും ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിന് ശേഷം എസ്ആര്‍പി നല്‍കി. ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എസ്ആര്‍പിയുടെ മുന്നറിയിപ്പ്. 

ആലപ്പുഴ, തകഴി, മാന്നാര്‍, ഹരിപ്പാട് സമ്മേളനങ്ങളില്‍ അതിശക്തമായ വിഭാഗീയത ഉണ്ടായതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികളില്‍ ചേരിതിരിവും ഗ്രൂപ്പിസവും രൂക്ഷമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കുട്ടനാട്ടിലെ സ്ഥാനാര്‍ഥിയായ തോമസ് കെ. തോമസ് സ്വീകാര്യനായിരുന്നില്ലെന്നും ഘടകകക്ഷി നല്‍കിയ പേരായതുകൊണ്ട് അത് അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിപിഐയ്‌ക്കെതിരേയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. ചേര്‍ത്തലയില്‍ സിപിഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് പ്രധാന വിമര്‍ശനം. മണ്ഡലത്തിന് പുറത്തുള്ള പി. പ്രസാദായിരുന്നു ചേര്‍ത്തലയിലെ സ്ഥാനാര്‍ഥി. അതിനാല്‍ സിപിഐയുടെ നിരവധി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ പങ്കെടുത്തില്ല. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള നീക്കവും ചില സിപിഐ നേതാക്കളും പ്രവര്‍ത്തകരും നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.