തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ അനുരഞ്ജനത്തിന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഇടപെട്ടിട്ടും സി.പി.എം. മുഖപത്രത്തിൽ സി.പി.ഐ.യെ കടന്നാക്രമിച്ച് ലേഖനം. ഒരു മണ്ഡലത്തിൽ അയ്യായിരം വോട്ടെങ്കിലും ഉണ്ടോയെന്നു കഴിഞ്ഞദിവസം സി.പി.ഐ.യെ പരിഹസിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനാണ് വീണ്ടും പ്രകോപനപരമായ ലേഖനമെഴുതിയത്.

To advertise here,

ഉപനേതൃസ്ഥാനം സി.പി.എമ്മിനു തന്നെയാണെന്ന് പിണറായി വിജയൻ പറഞ്ഞതിനെ അടിമുടി ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാദങ്ങൾ. തർക്കങ്ങൾക്കിടെ, സി.പി.ഐ.യെ യു.ഡി.എഫിലേക്കു ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ലേഖനം വന്നതും എൽ.ഡി.എഫിനെ അസ്വസ്ഥമാക്കുന്നു. ഉപനേതൃപദവി തർക്കത്തിൽ സി.പി.എമ്മിൽ ഒറ്റപ്പെട്ട പിണറായിക്ക് വീണ്ടും പരിചയൊരുക്കുകയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ മോഹനൻ.

ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന പാർട്ടിയുടെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി, തർക്കം എൽ.ഡി.എഫിലെ കലഹമായിമാറിയതിൽ സി.പി.എം. കേന്ദ്രനേതൃത്വത്തിനും നീരസമുണ്ട്. എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ സമവായത്തിന്റെ സ്വരം പ്രകടിപ്പിച്ചത് ഇതിനു തെളിവാണ്. പിണറായിയോടുള്ള പരസ്യവിയോജിപ്പ് പ്രകടമാക്കുന്നതാണ്, പ്രശ്നം ചർച്ചചെയ്തു പരിഹരിക്കുമെന്ന ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന. ഇതിന്റെ പിറ്റേദിവസംതന്നെ, സി.പി.ഐ.യെ കടന്നാക്രമിക്കാൻ പാർട്ടി മുഖപത്രം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗത്തിന് അവസരവുമൊരുക്കിയത് സി.പി.എമ്മിലെ ഭിന്നസ്വരംകൂടി വെളിപ്പെടുത്തുന്നു.

ഉപനേതൃപദവി ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് സി.പി.എം.-സി.പി.ഐ. ധാരണ. ഇതിനു വിരുദ്ധമായാണ്, പദവി സി.പി.എമ്മിനുതന്നെയെന്നു പിണറായി പ്രസ്താവിച്ചത്. സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയുമല്ലാതെ മറ്റു സി.പി.എം. നേതാക്കളാരും പിണറായിയെ കാര്യമായി പിന്തുണച്ച് രംഗത്തിറങ്ങിയില്ല. ഈ ക്ഷീണം തീർക്കാനാണ് പാർട്ടി പത്രത്തിലെ സി.പി.ഐ.വിരുദ്ധ ലേഖനമെന്നാണ് വിലയിരുത്തൽ.

ലേഖനത്തിലെ കുറ്റപ്പെടുത്തൽ

തിരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിന്റെ രാഷ്ട്രീയ-ഭരണ പരാജയമെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം. ഈ താളത്തിനനുസരിച്ചാണ് സി.പി.ഐ. നിലപാടുകൾ. 1980-ൽ എൽ.ഡി.എഫ്. രൂപംകൊണ്ടതുമുതൽ പ്രതിപക്ഷ നേതാവും ഉപനേതാവും സി.പി.എമ്മിൽനിന്നാണ്. ഇതിന് വിപരീതമായുള്ള സി.പി.ഐ. ആവശ്യത്തിന് യുക്തിയില്ല.

പരാജയപ്പെട്ട നിമിഷത്തിൽ സി.പി.ഐ. വളർന്നുപോയെന്നാണോ അർഥം? സി.പി.ഐ. ഉയർത്തിവിട്ടതാണ് തർക്കപ്രശ്നം. പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിന് ഹാനിവരുത്താൻ ഒരു കക്ഷിയും ഇടകൊടുക്കരുത്.

യു.പി.എ. സർക്കാരിന്റെകാലത്ത് വാഗ്ദാനംചെയ്യപ്പെട്ട പ്രധാനമന്ത്രിപദവി വേണ്ടെന്നുവെച്ച പാർട്ടിയാണ് സി.പി.എം. ഈച്ചരവാര്യരുടെ മകൻ ഭീകരമർദനത്തിനു വിധേയനായി കൊല്ലപ്പെട്ടത് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കോൺഗ്രസിന് ഇടതുപക്ഷ മുഖമുണ്ടാക്കിക്കൊടുത്തത് അച്യുതമേനോനാണ്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കേണ്ടിവന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയാണ് സി.പി.ഐ.