തിരുവനന്തപുരം: മോദി സർക്കാരിനെതിരേ ഇന്ത്യസഖ്യം ദേശീയതലത്തിൽ പോരാടിക്കൊണ്ടിരിക്കേ, കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയെന്നു ചിത്രീകരിക്കുന്ന കോൺഗ്രസ് സമീപനത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി. ഇടതുസർക്കാരിനെ ബോധപൂർവം താറടിച്ചുകാട്ടുന്ന കനഗോലു തന്ത്രം തുറന്നുകാട്ടണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.
എഐസിസിയുടെകൂടി അറിവോടെയാണ് കനഗോലുവിന്റെയും കേരളത്തിലെ കോൺഗ്രസിന്റെയും ഈ പ്രചാരണമെന്നാണ് സിപിഎമ്മിന്റെ വിമർശനം. ഇതിനെ തുറന്നുകാട്ടുന്ന കേരള ഘടകത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര കമ്മിറ്റി പിന്തുണപ്രഖ്യാപിച്ചു. കേരള സർക്കാരിന്റെ ഇടതുബദൽ ദേശീയതലത്തിൽ ഉയർത്തിക്കാട്ടും.
പാർട്ടിക്കും സർക്കാരിനുമെതിരേയുള്ള കടന്നാക്രമണങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണവും കേരളത്തിലെ നേതാക്കൾ ചർച്ചയിൽ വിവരിച്ചു.
ബംഗാളിലെ സഖ്യം സംബന്ധിച്ച് കോൺഗ്രസാണ് നിലപാട് വ്യക്തമാക്കാത്തതെന്ന് വിമർശനം ഉയർന്നു. ഇതുവരെ അവർ ചർച്ചയ്ക്കു തയ്യാറായിട്ടില്ല. പകരം, എല്ലാ സീറ്റുകളിലും മത്സരിച്ചു കരുത്തുതെളിയിക്കുമെന്ന പ്രഖ്യാപനം നടത്തി. സഖ്യമുണ്ടായാലും പാർട്ടിയുടെ സ്വതന്ത്രവളർച്ച സാധ്യമാക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു.
കേരളം, തമിഴ്നാട്, ബംഗാൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഞായറാഴ്ച ചർച്ചചെയ്യും.
സംസ്ഥാനത്തെ നേതാക്കളെ തിരഞ്ഞുപിടിച്ച് കടന്നാക്രമിക്കുന്ന കോൺഗ്രസ് രീതി കനഗോലു തന്ത്രമാണെന്നാണ് കേരള പാർട്ടിയുടെ വിലയിരുത്തൽ. ഇതിന് കേന്ദ്രകമ്മിറ്റിയുടെ പിന്തുണ നേടാനായതിന്റെ ആശ്വാസത്തിലാണ് കേരളഘടകം.
Content Highlights: cpm central committee criticism congress
Published: 18 Jan 2026, 06:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented