കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനര്‍ ഡോ. പി. സരിന്റെ ഇനിയുള്ള രാഷ്ട്രീയനിലപാട് തീരുമാനിക്കപ്പെടാന്‍ ഒക്ടോബര്‍ 28 വരെയാണ് 'പുനര്‍ചിന്തനം' എന്ന പേരില്‍ കോണ്‍ഗ്രസ്സിന് സരിന് നല്‍കിയിരിക്കുന്ന സമയം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം സരിന് പറയാന്‍ ശ്രമിച്ചത് പാലക്കാടിനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന തീവ്രഹിന്ദുത്വത്തെക്കുറിച്ചാണ്. ബി.ജെ.പി സ്ഥാനാര്‍ഥി ഇ.ശ്രീധരന് ലഭിച്ച 50,220 വോട്ടിനെക്കുറിച്ച് ആകുലപ്പെട്ട സരിന് പറഞ്ഞുനിര്ത്തിയും ബി.ജെ.പിയെ ജയിക്കാന്‍ സമ്മതിക്കില്ല എന്നാണ്.
'എല്ലാം ഒരാള്‍ക്കുതന്നെ കൊടുത്താല്‍ മതിയോ' എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി വിമര്‍ശിക്കുകയും അതേസമയംതന്നെ പാലക്കാട്ടെ ബി.ജെ.പിയുടെ വോട്ടുവര്‍ധനയില്‍ ആകുലപ്പെടുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളിയായ സിപിഎമ്മിനെക്കുറിച്ച് സരിന് പറഞ്ഞതാവട്ടെ കേഡര്‍ സ്വഭാവത്തിന്റെ അച്ചടക്കത്തെക്കുറിച്ചും. ഏതു കുറ്റിച്ചൂലിനെ വെച്ചാലും സിപിഎം വിജയിപ്പിച്ചെടുക്കും എന്നാണ് സരിന് പറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചപ്പോഴും സിപിഎമ്മിന് അതില്‍ നല്കിയ ആ 'ഗുഡ് സര്‍ട്ടിഫിക്കറ്റാണ്' സരിന് ലെഫ്റ്റാകുന്നോ എന്ന സംശയം ജനിപ്പിച്ചത്. അത് ഒരുപടി കൂടി കടന്ന് വൈകിട്ട് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലെ ധാരണ സരിന് ഫലത്തില്‍ 'ക്ഷണക്കത്തായി'. സരിന്റെ നീക്കങ്ങളെ പിന്തുണയ്ക്കാനും ഇടതുസ്ഥാനാര്ഥിയാക്കി നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് യോഗം വിലയിരുത്തിയത്. ഫലത്തില്‍ സരിന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനവും ആഞ്ഞടിക്കലും സിപിഎം കണക്കുകൂട്ടലും എല്ലാം കൂട്ടിവായിച്ചാല്‍ വെള്ളിയാഴ്ച സരിന് ഇടത് സ്വതന്ത്രനായി വന്നാല്‍ അത്ഭുതപ്പെടേണ്ടെന്ന് ചുരുക്കം. അല്ലെങ്കില്‍, സരിനെ നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിനെതിരെ ഉപയോഗിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയാക്കിയാനും നീക്കം നടന്നേക്കാം.
സരിന് സീറ്റ് മോഹിച്ചിരുന്ന പാലക്കാട്ട്, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതാണ് സരിനെ ചൊടിപ്പിച്ചത്. ഷാഫിയുടെ പിന്തുണയാണ് രാഹുലിനെ തുണച്ചതെന്ന സൂചനയില്‍ ഷാഫിയേയും വാര്‍ത്താ സമ്മേളനത്തില്‍ സരിന് ഉന്നമിട്ടു. ഹരിയാണ ആവര്‍ത്തിക്കുമെന്ന സരിന്റെ മുന്നറിയിപ്പ് ചൂണ്ടുന്നത് കോണ്‍ഗ്രസിലെ തമ്മിലടിയിലേയ്ക്കാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരുമുഴം മുന്നെ കളം നിറയാം എന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലും അതിലൂടെ കിട്ടുമായിരുന്ന മൈലേജുമാണ് സരിന് പൊളിച്ചത്. കോണ്‍ഗ്രസിന്റെ അച്ചടക്കനടപടി ഇന്നുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച സരിന് വീണ്ടും മാധ്യമങ്ങളെ കണ്ട് വിമര്‍ശനം കടുപ്പിച്ചേക്കാം. അതോടെ ഇടത്തേക്കുള്ള വഴിയിലെ തടസ്സം നീങ്ങും.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷമുള്ള ഉപതിരഞ്ഞെടുപ്പ് വേളയിലെല്ലാം സിപിഎം ഇത്തരം ചില സര്ജിക്കറ്റല് സ്ട്രൈക്കിന് ശ്രമിച്ചിരുന്നത് കാണാം. തൃക്കാക്കരയില്‍ ആദ്യം തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റി അപ്രതീക്ഷിതമായി ജോ ജോസഫിനെ അവതരിപ്പിച്ചതും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അംഗത്തെ അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചതും അവസാന നിമിഷം അത് ഉപേക്ഷിച്ചതും ഉദാഹരണങ്ങളാണ്. സരിന്റെ വരവ് കോണ്‍ഗ്രസിന് കൊടുക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയായി സിപിഎം കാണുന്നു. കെ.പി അനില്‍കുമാര്‍, പി.എസ് പ്രശാന്ത് എന്നിവരുടെ വഴിയെ കോണ്‍ഗ്രസിലെ യുവനിരയില്‍നിന്ന് ഇപ്പോള്‍ ഒരു പ്രമുഖ നേതാവിനെ കൂടി അടര്‍ത്തിയെടുക്കാനുള്ള സിപിഎം നീക്കം അതിന്റെ അവസാന ഘട്ടത്തിലാണ്.
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ഇന്ത്യയൊട്ടാകെ പടരുന്നത് കണ്ട് സഹികെട്ടാണ് തന്റെ സിവില്‍ സര്‍വീസ് ജോലി രാജിവെച്ച് ഇന്ത്യയെ നന്നാക്കാന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അനില്‍ ആന്റണി കളം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയയുടെ ചുമതല മുഴുവനായും വിശ്വസ്തതയോടെ ഏല്പിച്ചത് സരിനെയാണ്.
സി.പി.എമ്മിന്റെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തേക്കുറിച്ചുള്ള മതിപ്പും ബി.ജെ.പിയുടെ വളര്‍ച്ചയിലുള്ള ആകുലതയും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശവും ചേര്‍ത്തുവായിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പാലക്കാട് സീറ്റ് സരിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവില്‍ പാര്‍ട്ടിയുമായി സരിന് ആശയവിനിമയമൊന്നും നടത്തിയിട്ടില്ലെങ്കിലും എന്താകുമെന്ന് കാത്തിരുന്നു കാണാമെന്നാണ് എം.വി ഗോവിന്ദന് പറഞ്ഞിരിക്കുന്നത്. ആ കാത്തിരിപ്പാണോ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നത്? അങ്ങനെ സരിനെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ടോ?
സി.പി എമ്മില്‍ ചേരുന്നതു സംബന്ധിച്ച് സരിന് തീരുമാനമെടുക്കട്ടെ എന്നാണ് സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറഞ്ഞിരിക്കുന്നത്. ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി തുടരുന്ന, അച്ചടക്ക നടപടി നേരിടാന്‍ തയ്യാറെടുക്കുന്ന, സരിന്റെ നിലപാടിനായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വാതില്‍ തുറന്നിരിക്കുന്നു എന്ന് സാരം.
സരിന് സമ്മതിച്ചുതന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'കുറ്റിച്ചൂല് വിജയ'ത്തില്‍ കഴിഞ്ഞ രണ്ട് തവണയും പാര്‍ട്ടി മൂന്നാം സ്ഥാനത്തായ പാലക്കാട്ട് സെക്രട്ടറിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ഉറപ്പില്ലാത്തതുകൊണ്ടാണോ സരിന്റെ നിലപാടിനായി കാത്തുനില്‍ക്കുന്നത്? സരിന് പാര്‍ട്ടി വിട്ടാല്‍ ഉടന്‍തന്നെ ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കുമോ? അതോ കോണ്‍ഗ്രസിന് മര്‍മ്മത്തില്‍ ഒരടികൊടുത്ത് പ്രചാരണം തുടങ്ങും മുന്നെ ഒരു രാഷ്ട്രീയ തിരിച്ചടിയാണോ ലക്ഷ്യമിടുന്നത്.
സരിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇ. ശ്രീധരന് കിട്ടിയ വോട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധവേണം എന്നാണ്. പാലക്കാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍നിന്ന് പോയിട്ട് മൂന്ന് ടേമായി. ഇപ്പോള്‍ മുഖ്യ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ശ്രീധരനും ബഹുദൂരം പിന്നിലായിരുന്നു സിപിഎം സ്ഥാനാര്‍ഥി സി.പി പ്രമോദ്.
കഴിഞ്ഞതവണ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സരിനെ പരീക്ഷിച്ചതാണ്. പക്ഷേ, സിപിഎം തരംഗത്തില്‍ മണ്ഡലം പാറപോലെ ഉറച്ചുനിന്നു. വിജയം ഉറച്ച മണ്ഡലങ്ങളില്‍ സീറ്റിനായുള്ള തര്‍ക്കം മുറുകുന്നത് എല്ലാ പാര്‍ട്ടിയിലും പതിവാണ്. പാലക്കാട് സീറ്റ് തനിക്ക് നല്കുന്നതില് എന്താണ് തെറ്റെന്നും താന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കും അയച്ച കത്തില്‍ സരിന് എഴുതിയിട്ടുണ്ട്. കത്ത് അവര്‍ വായിച്ചില്ലെങ്കിലോ എന്നു കരുതി വാര്‍ത്താസമ്മേളനത്തില്‍ സരിന് അയച്ച കത്തിലെ ഭാഗം ഇംഗ്ലീഷില്‍ വായിക്കുകയും ചെയ്തു. പക്ഷേ കത്തുവായിച്ച് സരിന്റെ ദു:ഖവും കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്ന ഭീതിയും ഉള്‍ക്കൊണ്ടത് രാഹുല്‍ ഗാന്ധിയും ഖാര്ഗെയുമല്ല, ഇങ്ങ് കേരളത്തിലിരുന്ന് എം.വി ഗോവിന്ദനും സുരേഷ് ബാബുവുമാണ്.
ജയസാധ്യത തേടിയുള്ള രാഷ്ട്രീയ നീക്കത്തിൽ അടിയറവ് പറയുന്നത് ആശയങ്ങള്‍ മാത്രമല്ല, അണികള്‍ കൂടിയായിരിക്കും; പാര്‍ട്ടി ഏതായാലും. മത്സരത്തില്‍ വിജയം ഒരാള്‍ക്കേയുള്ളൂ, ആശയത്തില്‍ വെള്ളം ചേര്‍ക്കേണ്ട തരത്തിലുള്ള പ്രായോഗിക രാഷ്ട്രീയ അടവുകള്‍ പതറുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നവരുടെ എണ്ണം കിട്ടിയ വോട്ടിനേക്കാള്‍ ഇരട്ടിയായിരിക്കും.
നവകേരള സദസ്സ് പാലക്കാട് രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചത് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തംഗവുമായിരുന്ന എ.വി ഗോപിനാഥിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ വിലക്കുണ്ടായിരുന്നിട്ടും നവകേരള സദസ്സിലെത്തിയ ഗോപിനാഥിനെ പാര്‍ട്ടി സസ്പെന്‍ഡു ചെയ്തു. ഗോപിനാഥ് കുറച്ചുകാലമായി പാലക്കാട്ടെ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. പ്രത്യേകിച്ച് വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അന്‍വര്‍ വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് പിവി അന്‍വര്‍ എല്ലാവര്ക്കും ഒരു പാഠമാണെന്നാണ്. അത്തരം ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന് കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റിയാലും മൗലികമായി അവര്‍ എന്താണോ അതുതന്നെയായിരിക്കും അവര്‍. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയേപ്പറ്റിയുള്ള ഈ പാഠം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം കാണാപ്പാഠം പഠിക്കുന്നത് ഗുണംചെയ്യും.
Content Highlights: cpm candidature in palkkad byelection 2024 dr p sarin controversy
Published: 16 Oct 2024, 10:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented