തിരുവനന്തപുരം: എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍എഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താന്‍ സിപിഐ സമ്മതിക്കില്ല. ഏതെങ്കിലും കമ്പനികള്‍ തമ്മിലുള്ള കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

To advertise here,

മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആര് ശ്രമിച്ചാലും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അത് ശരിയായ രാഷ്ട്രീയമാണെന്ന് സിപിഐയ്ക്ക് അറിയാം. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിച്ച് ദുര്‍ബലമാക്കാമന്ന് വ്യാമോഹമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അതിന് സമ്മതിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന നേതാവിന്റെ പേര് സഖാവ് പിണറായി വിജയന്‍ എന്നാണ്. അദ്ദേഹത്തിന്റെ പ്രാധാന്യം സിപിഐയ്ക്ക് അറിയാം, ബിനോയ് വിശ്വം പറഞ്ഞു.

വ്യാഴാഴ്ചയാണ് എസ്എഫ്ഐഒ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്.