പീരുമേട്: നിയോജക മണ്ഡലം കമ്മിറ്റിയുടെയും മുൻ എം.എൽ.എ വാഴൂർ സോമന്റെ നിര്യാണത്തെയും ഉൾക്കൊണ്ടുള്ള സ്ഥാനാർഥിനിർണയമല്ല നടത്തിയതെന്ന് സി.പി.ഐ. പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. ബുധനാഴ്ച പീരുമേട് ചേർന്ന പീരുമേട്, ഏലപ്പാറ, ഉടുമ്പൻചോല, കട്ടപ്പന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ സംയുക്ത നിയോജക മണ്ഡലം കമ്മിറ്റിയുടേതാണ് ഈ വിലയിരുത്തൽ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ രൂക്ഷമായാണ് യോഗം വിമർശിച്ചത്.

To advertise here,

മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥിയും സി.പി.എം. നേതൃത്വത്തിന് അടിമപ്പെട്ട ജില്ലാ നേതൃത്വവും പരാജയത്തിന് കാരണമായി. സി.പി.ഐ. സംസ്ഥാന നേതൃത്വം പൂർണ പരാജയമായി. സംസ്ഥാന സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തിലും സ്ഥാനാർഥിക്ക് എത്തിപ്പെടാൻ സാധിച്ചില്ല തുടങ്ങിയ വിമർശനങ്ങൾ യോഗത്തിലുയർന്നു.

രാവിലെ 10:30-ന് ആരംഭിച്ച യോഗം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷറഫ്, ദേശീയ കൗൺസിൽ അംഗം ടി.ജെ. അഞ്ചലോസ്, പീരുമേട് സി.പി.ഐ. സ്ഥാനാർഥി കെ. സലിംകുമാർ, ജില്ലാ സെക്രട്ടറി ജോസഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.എസ്. ബിജിമോൾ, വി.ആർ. ശശി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗം സ്ഥിതിഗതികൾ പരിശോധിക്കും. 19, 20 തീയതികളിൽ ജില്ലാ നേതൃയോഗങ്ങൾ ചേരും. സംസ്ഥാന നേതൃത്വത്തിനെ പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു, മുൻ മന്ത്രി ജി.ആർ. അനിൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.