തൊടുപുഴ: മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടുലക്ഷം രൂപ വീതം നല്‍കണമെന്ന ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറും സിപിഐ നേതാവുമായ കെ.കെ. ശിവരാമന്‍. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നു.
വീണ്ടും ഒരു ബാര്‍ കോഴയോ എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് കുറിപ്പ്. ബാറുകള്‍ എല്ലാം രണ്ടരലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടി രൂപയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തമാണെന്നും ശിവരാമന്‍ കുറിപ്പില്‍ പറയുന്നു. പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണെന്നും ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണമെന്നും ശിവരാമന്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണമെന്നും കുറിപ്പിലുണ്ട്.
കെ.കെ. ശിവരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വീണ്ടും ഒരു ബാര്‍ കോഴയോ?
ഇന്ന് രാവിലെ മുതല്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തില്‍ ഇളവ് വരുത്തുന്നതിന് ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം ഉടനടി നല്‍കണമെന്നാണ് ബാര്‍ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്, നമുക്കായി ഇളവുകള്‍ നല്‍കുമ്പോള്‍ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്‍ പറയുന്നത്. എന്നുപറഞ്ഞാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണം! ആര്‍ക്ക് ? കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകള്‍ എല്ലാം രണ്ടര ലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താല്‍പര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാര്‍ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാവണം.
Content Highlights: cpi idukki district former secretary kk sivaraman demands enquiry in bar bribery allegation
Published: 24 May 2024, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented