തിരുവനന്തപുരം: സംസ്ഥാനത്തെ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം രോഗികള്‍ കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ടുതന്നെ അവരെ സെക്കൻഡറി കോണ്‍ടാക്ടായി കണക്കാക്കുകയാണ് ചെയ്യുകയെന്നും സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

To advertise here,

എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറേ കേസുകള്‍ ഒരേ സ്ഥലത്ത് കണ്ടെത്തുമ്പോഴാണ് സമൂഹവ്യാപനം ഉണ്ടായെന്ന് കണക്കാക്കപ്പെടുക. കേരളത്തില്‍ ഇത്തരം പത്തു-മുപ്പതോളം കേസുകള്‍ കണ്ടെത്തിയില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്ക് അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലേ എന്നും സ്വാഭാവികമായും സംശയമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍ ഉത്ഭവമറിയാത്ത ഈ 30 കേസുകളും സമൂഹവ്യാപനമല്ല എന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്...  

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരേയും പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ സാധിച്ചു എന്നു വരില്ല. അതുകൊണ്ട് റൂട്ട് മാപ്പില്‍ കുറച്ചുപേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോയേക്കാം. അത്തരത്തില്‍ ഒരാള്‍ക്ക് പുതുതായി രോഗം ബാധിച്ചാല്‍ എപ്പിഡമോളജിക്കല്‍ ലിങ്ക് ഇല്ലെന്നുതന്നെ പറയേണ്ടിവരും. എന്നാല്‍ അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനും സാധിക്കില്ല. അപ്പോള്‍ അടുത്തപടിയായി അവിടെ അത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കുകയും അവിടെ കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തിനോക്കുകയും ചെയ്യും. 

എപ്പിഡമോളജിക്കല്‍ ലിങ്ക് ഇല്ലാത്ത രോഗം എവിടെ നിന്നു പകര്‍ന്നു എന്നറിയാത്ത കേസുകളുടെ ഒരു കൂട്ടം കേരളത്തില്‍ ഒരു പ്രത്യേക സ്ഥലത്തും ഉണ്ടായിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതൊന്നും സമൂഹവ്യാപനത്തില്‍പ്പെടുത്താനാവില്ല. ഒറ്റപ്പെട്ട ഈ മുപ്പതോളം കേസുകളിലും കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ടുതന്നെ അവര്‍ സെക്കണ്ടറി കോണ്‍ടാക്ടായി മാറുകയാണ് ചെയ്യുന്നത്. 

അല്ലാതെ അവര്‍ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കോവിഡ് 19-ന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ചില പകര്‍ച്ചാവ്യാധികളില്‍ ഇങ്ങനെയല്ല. ഒരു കേസ് ഉണ്ടായാല്‍ തന്നെ സമൂഹവ്യാപനമായി കണക്കാക്കുകയാണ് ചെയ്യാറ്. സംസ്ഥാനത്തെ കോവിഡ് മഹാമാരിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രഥമപ രിഗണനയില്‍ വരേണ്ടത് നാം ഇവിടെ സ്വീകരിച്ച പ്രതിരോധ മാര്‍ഗത്തിന്റെ പ്രത്യേകതകളാണ്. മിക്ക പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊതു ആരോഗ്യസംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. 

ഇതിന് ട്രെയ്‌സ്, ക്വാറന്റൈന്‍, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്നീ അഞ്ച് ഘടകങ്ങളാണ് ഉള്ളത്. രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്കയിടങ്ങളിലും ട്രെയ്‌സ്, ക്വാറന്റീന്‍ എന്നീ ആദ്യത്തെ ഘട്ടങ്ങള്‍ ഒഴിവാക്കുകയുണ്ടായി. ടെസ്റ്റിങിലും ട്രീറ്റ്‌മെന്റിലും മാത്രമാണ് അവര്‍ ഊന്നല്‍ നല്‍കിയത്. അതിന്റെ ഭാഗമായി രോഗം പടരുന്ന സാഹചര്യം ഫലപ്രദമായി തടയാന്‍ സാധിച്ചില്ല. രോഗവ്യാപനം വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചത് ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടാണ്. 

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യസംവിധാനം തന്നെയാണ്. കോവിഡ് 19 രോഗത്തിന്റെ കേരളത്തിലെ ബോസിക് റീപ്രൊഡക്ടീവ് നമ്പര്‍ പരിശോധിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മികവ് മനസിലാക്കാനാവും. ഒരു രോഗിയില്‍ നിന്നും എത്ര ആളുകളിലേക്ക് രോഗം പകരുന്നു എന്നതാണ് ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍. 

കൊറോണയുടെ കാര്യത്തില്‍ 3 ആണ് ലോക തലത്തില്‍ ശരാശരി റീപ്രൊഡക്ടീവ് നമ്പര്‍. അതായത് ഒരാളില്‍ നിന്നും 3 പേരിലേക്ക് കോവിഡ് പകരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ആദ്യത്തെ 3 കേസുകള്‍ വുഹാനില്‍ നിന്നാണ് എത്തിയത്. അവരില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു. 

ഇന്ത്യയില്‍ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ജനുവരി 18-നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. 19-ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ അത് സംബന്ധിച്ച് ഓര്‍ഡര്‍ ഇറക്കി. 21-ന് തന്നെ സ്‌ക്രീനിങിന്റേയും ടെസ്റ്റിങിന്റേയും മാനദണ്ഡങ്ങള്‍ തീരുമാനിച്ചു. 26-ന് കേരളത്തില്‍ ആദ്യ കേസ് രേഖപ്പെടുത്തി. ആ സമയത്ത് തന്നെ നാം രോഗവ്യാപനം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അടുത്ത ഘട്ടങ്ങളില്‍ കേരളത്തിലെ ആക്ടീവ് കോവിഡ് കേസുകളില്‍ 75% പുറത്തുനിന്ന് വന്ന കേസുകളും 25% സമ്പര്‍ക്കം മൂലം ഉണ്ടായതുമാണ്. 

ഈ സാഹചര്യത്തില്‍ കേരളത്തില്‍ രോഗത്തിന്റെ ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. മറിച്ചായിരുന്നു അവസ്ഥയെങ്കില്‍ കോവിഡ് 19-ന്റെ സീരിയല്‍ ഇന്റര്‍വെല്‍ ശരാശരി 5 ദിവസമാണ്. അതായത് രോഗം ബാധിച്ചു കഴിഞ്ഞാല്‍ മറ്റൊരാളിലേക്ക് പകര്‍ത്താന്‍ വേണ്ട സമയം കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍ 3 ആണ് എന്ന് സങ്കല്‍പിച്ചാല്‍ നിലവിലുള്ള 670 ആക്ടീവ് കേസുകള്‍ രണ്ടാഴ്ച കൊണ്ട് ഏതാണ്ട് 25,000 ആകേണ്ടതാണ്. 

ശരാശരി മരണനിരക്ക് 1% എടുത്താല്‍ തന്നെ മരണസംഖ്യ 250 കവിയുകയും ചെയ്യും. എന്നാല്‍ കേരളത്തില്‍ അതല്ല സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. അതിനു കാരണം ഈ രോഗവ്യാപനം തടയാന്‍ വേണ്ട ട്രെയ്‌സിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാന്‍ നമുക്ക് സാധിച്ചതുകൊണ്ടാണ്. ഒരു വലിയ വിപത്തിനെ ഇങ്ങനെയാണ് ഇത്രയും നാള്‍ നാം തടഞ്ഞുനിര്‍ത്തിയത്. അതുകൊണ്ടുതന്നെ ഹോം ക്വാറന്റൈനും കോണ്‍ടാക്ട് ട്രെയ്‌സിങും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോയേ തീരൂ.-മുഖ്യമന്ത്രി പറഞ്ഞു. 

content highlight: covid 19 community spread hasn't discovered in kerala says kerala cm pinarayi vijayan