തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നേട്ടമുണ്ടാകണമെങ്കില്‍ 2040 വരെ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പ്രതിനിധി ജോയന്റ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടെത്തി സംഘടനാ സെക്രട്ടറി എസ്. സജീവിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാരന് റിപ്പോര്‍ട്ട് കൈമാറിയത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരണോ പിന്‍വലിക്കണോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നില്ല. എന്നാല്‍, പദ്ധതിയുടെ ഗുണം 2040-ഓടെ മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കാമെന്നതാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതുകൊണ്ടുള്ള പ്രയോജനമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജീവനക്കാര്‍ക്ക് കൂടിയ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ ജീവനക്കാരനും സംസ്ഥാന സര്‍ക്കാറിന്റെ പെന്‍ഷന്‍ വിഹിതം ശമ്പളത്തിന്റെ 10 ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കണം. കൂടാതെ കേന്ദ്രസര്‍ക്കാറിനും മറ്റ് ചില സംസ്ഥാന സര്‍ക്കാറുകള്‍ക്കും സമാനമായി ഇവരുടെ ക്ഷാമബത്ത 14 ശതമാനമായും വര്‍ധിപ്പിക്കണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതും 10 വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ളവരുമായ ജീവനക്കാര്‍ക്ക് എക്സ് ഗ്രേഷ്യ പെന്‍ഷന്‍ നല്‍കണം. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സമാനമായി എക്സ് ഗ്രേഷ്യ പെന്‍ഷന്‍കാരും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സമിതിയുടെ പഠനം കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായെങ്കിലും സര്‍ക്കാര്‍ റിപ്പോർട്ട് പരസ്യമാക്കാതെ വെച്ചിരിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് കൈമാറിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
എസ്. സതീശ ചന്ദ്ര ബാബു ചെയര്‍മാനായ സമിതിയില്‍ പി. മാര പാണ്ഡ്യന്‍, ഡി. നാരായണ എന്നിവരാണ് അംഗങ്ങളായിരുന്നത്. 2013 ഏപ്രില്‍ ഒന്നിനാണ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്.
Content Highlights: Contributory pension review committee report accessed by Mathrubhumi News.
Published: 06 Nov 2023, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented