പഴയങ്ങാടി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി സഹകരണ കോളേജിൽ രണ്ട് ഡി.വൈഎഫ്.ഐ. പ്രവർത്തകർക്ക് നിയമനം നൽകാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് കോളേജ് ചെയർമാനായ എം.കെ.രാഘവൻ എം.പി.ക്കുനേരേ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും തുടർന്ന് നടന്ന സസ്പെൻഷനും ചർച്ചചെയ്ത് ഡി.സി.സി. നേതൃത്വം.

To advertise here,

കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ഇന്ദിരാഭവനിൽ ഞായറാഴ്ച വൈകിട്ടാണ് ചർച്ച നടന്നത്. മാടായി കോളേജിൽ പാർട്ടി അംഗത്വമില്ലാത്തവർക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കാൻ ചെയർമാനോട് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള സസ്പെൻഷൻ നടപടി പിൻവലിക്കാനും യോഗം തീരുമാനിച്ചു.

ഏറ്റവും അടുത്ത മണിക്കൂറിൽ ഇത്‌ നടപ്പാക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു.

ഇതിന് കെ.പി.സി.സി. പ്രസിഡന്റും ഡി.സി.സി. പ്രസിഡന്റും തമ്മിൽ ഞായറാഴ്ച രാത്രി തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിക്കുവേണ്ടി ആരുടെയോ പിന്തുണയോടെ അംഗത്വം നേടിയ ഒരാൾക്ക് ഒരുകാരണവശാലും ജോലി നൽകരുതെന്ന ഏകകണ്ഠമായ തീരുമാനമാണ് യോഗത്തിലെടുത്തത്.

മണ്ഡലം പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിക്കുപുറമെ മണ്ഡലം പ്രസിഡന്റ് വി.രാജൻ, ടി.വി.വേണുഗോപാലൻ, വി.വി.പ്രകാശൻ, വി.വി.വിജു, പി.വി.വിനോദ്, എ.വി.തമ്പാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ കോളേജിലെത്തിയ ചെയർമാനും എം.പി.യുമായ എം.കെ.രാഘവനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ്‌ പ്രതിഷേധിച്ചിരുന്നു. ഓഫീസ് അസിസ്റ്റന്റിന്റെ മൂന്ന്‌ ഒഴിവിലേക്കും കംപ്യൂട്ടർ അസിസ്റ്റന്റിന്റെ ഒെരാഴിവിലേക്കുമാണ്‌ ശനിയാഴ്ച അഭിമുഖം നടന്നത്.

കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി സ്വന്തക്കാരും മറ്റുമായ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നിയമനം നൽകാൻ നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനെത്തുടർന്നാണ്‌ മാടായി ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് കെ.പി.ശശി, ഡി.സി.സി. എക്സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശിധരൻ, കുഞ്ഞിമംഗലം വൈസ് പ്രസിഡന്റ് കെ.വി.സതീഷ് കുമാർ, വരുൺ കൃഷ്ണൻ എന്നിവരെ സസ്പെൻഡ്‌ ചെയ്തത്.