കണ്ണൂര്‍: ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസ്., സംസ്ഥാന മന്ത്രിസഭയില്‍ തുടരുന്നതിനെ വിമര്‍ശിച്ച് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു. സി.പി.എമ്മില്‍ പ്രത്യയശാസ്ത്ര കണ്‍ഫ്യൂഷനിസമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

To advertise here,

അങ്ങ് ഡല്‍ഹിയില്‍ ബി.ജെ.പി. മുന്നണിയില്‍ സാഭിമാനം വാഴുന്ന ജെ.ഡി.എസ്. എന്ന പാര്‍ട്ടിക്ക്, ഇങ്ങു കേരളത്തില്‍ ഭരണ പങ്കാളിത്തം! അതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ശക്തനും പോളിറ്റ് ബ്യൂറോ മെമ്പറുമായ സഖാവ് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍!- അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയുമായി ചേര്‍ന്ന് വംശഹത്യ രാഷ്ട്രീയത്തെ പുല്‍കിയ ഒരു പാര്‍ട്ടിയെ മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കാന്‍ മാത്രം എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മധു ആരാഞ്ഞു. 

പഴകുളം മധുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആരാണ് മുഖ്യ ശത്രു 
പിണറായി വിജയന്‍ മറുപടി പറയുമോ ???
സിപിഎമ്മില്‍ *പ്രത്യയശാസ്ത്ര കണ്‍ഫ്യൂഷനിസം*
പ്രത്യാശാസ്ത്ര വിഷയത്തില്‍ അതീവ വിശാരദ ഗോവിന്ദന്മാരും, പാര്‍ട്ടി നയത്തില്‍ കഠാരയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്ന മുഖ്യനും, ബിജെപി എന്നോ മറ്റോ കേട്ടാല്‍ രൗദ്രഭാവമണിയുമായിരുന്ന ജയരാജന്മാരുമൊക്കെ വാഴുന്ന ഇടതു മുന്നണിയില്‍ 'കണ്‍ഫ്യൂഷനിസം' അരിവച്ച് വാഴുന്നു. അങ്ങ് ഡല്‍ഹിയില്‍ ബിജെപി മുന്നണിയില്‍ സാഭിമാനം വാഴുന്ന JDS എന്ന പാര്‍ട്ടിക്ക്, ഇങ്ങു കേരളത്തില്‍ ഭരണ പങ്കാളിത്തം! അതും മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയിലെ ശക്തനും പോളിറ്റ് ബ്യുറോ മെമ്പറുമായ സഖാവ് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍! ഇപ്പൊ ശരിയാകും'എന്ന കണക്കെ ജനങ്ങളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.ഒന്നും പക്ഷെ പുറത്തു വരുന്നില്ല.ബിജെപി എന്നൊന്ന് കേട്ടാല്‍ ഉഗ്രരൂപം പൂണ്ടിരുന്ന സഖാക്കളാരും ഈ വാര്‍ത്ത കേട്ടിട്ടേ ഇല്ല എന്ന് തോന്നുന്നു.ബിജെപിയുമായി ചേര്‍ന്ന് വംശഹത്യ രാഷ്ട്രീയത്തെ പുല്‍കിയ ഒരു പാര്‍ട്ടിയെ മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കാന്‍ മാത്രം എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്കുള്ളത് ? ബിജെപി ബന്ധത്തിന്റെ പേരില്‍ മന്ത്രിയെ പുറത്താക്കിയാല്‍ ഡല്‍ഹിയിലെ ഏതെങ്കിലും വല്യേട്ടന്‍ പിണങ്ങുമെന്ന ഭയമാണോ മുഖ്യമന്ത്രിക്ക് ?വര്‍ഗീയതയുമായി ബാന്ധവം തുടരുന്ന ഒരു പാര്‍ട്ടിയെയും മന്ത്രിയെയും അധികാരവുമായി സമരസപ്പെട്ട മുഖ്യന്‍ അരികെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അതിനെതിരെ ശബ്ദിക്കാനും വിരല്‍ ചൂണ്ടാനും ഒരു ഡി വൈ എഫ് ഐ ക്കാരനും തയാറാക്കാത്തത് എന്തുകൊണ്ട്?എവിടെ റഹീമേ, നിങ്ങളുടെ ആവേശം? എന്തിനും ഏതിനും ബിജെപി വിരുദ്ധത വായ്ത്താരിയായി ഘോഷിച്ചു ശബ്ദ മലിനീകരണം നടത്തിയതിന്റെ പേരില്‍ മാത്രം മന്ത്രിക്കസേരയില്‍ കയറിപ്പറ്റിയ യുവ തുര്‍ക്കികള്‍ പോലും പൂച്ച പാല് കുടിക്കുന്നപോലെ മന്ത്രിക്കസേരയില്‍ ആഞ്ഞിരിയ്ക്കുകയാണ്. ബിജെപി മുന്നണിയിലെ മന്ത്രിക്കൊപ്പം ഇരിക്കാനും ഭരണം നിര്‍വഹിക്കാനും ഒന്നും ഇവര്‍ക്ക് ഒരു പ്രശ്നവുമില്ല. എന്തിനീ നാടകം സഖാക്കളേ, ഇല്ലാത്ത ബിജെപി ബന്ധത്തിന്റെ പേര് പറഞ്ഞു ആരെയെക്കോയാണ് നിങ്ങള്‍ ഇക്കാലമത്രയും ആക്ഷേപിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതും ഇപ്പോഴും ശ്രമിക്കുന്നതും. എന്താണ് നിങ്ങളുടെ ഈ അവസ്ഥയുടെ പേര് ? അങ്ങ് ഇസ്രായേല്‍ -പാലസ്തീന്‍ പ്രശ്‌നത്തില്‍ പോലും പ്രതികരിക്കുന്ന പ്രത്യയശാസ്ത്ര 'കുലപതി'കളൊന്നും യാതൊരു വ്യക്തതയും ഈക്കാര്യത്തില്‍ വരുത്താന്‍ തയ്യാറാകാത്തത് എന്തുകൊണ്ട്? ഒറ്റ ഉത്തരം മാത്രം - അവസരവാദമേ നിന്റെ പേരോ 'പ്രത്യയശാസ്ത്ര കണ്‍ഫ്യൂഷനിസം'അഥവാ 'കമ്മ്യൂണിസം'. 
കപട ന്യൂനപക്ഷ പ്രേമവും സംഘപരിവാര്‍ ബാന്ധവമുള്ള പാര്‍ട്ടിയെ ഒന്നിച്ചിരുത്തി ഭരണം നടത്താനുള്ള തൊലിക്കട്ടിയും അപാരം തന്നെ.
ഈ ജാള്യത മറയ്ക്കാനെന്നോണം യെച്ചൂരി മുതല്‍ ബേബി സഖാവ് വരെയുള്ള പ്രത്യയ ശാസ്ത്ര പടുക്കള്‍ പാലസ്തീന്‍-ഇസ്രായേല്‍ വള്ളിയില്‍ ഞാന്നു വലിഞ്ഞു കേറാന്‍ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.
ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം ആരാണ് മുഖ്യ ശത്രു എന്ന് സിപിഎം വ്യക്തമാക്കണമെന്നാണ്...
നോക്കാം അവര്‍ക്ക് പറയാനാകുമോ എന്ന് ....