കോണ്‍ഗ്രസ് വിട്ട് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ. പി.സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വിണ എസ്.നായര്‍. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ ആയി ചുമതലയേറ്റതിന് ശേഷമുള്ള സരിന്റെ നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ച വീണ, 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെപോലും ഒരുമിച്ചു കൊണ്ടുപോകാന്‍ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം  പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥന്‍ ആക്കാന്‍ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോര്‍ത്തും രാഷ്ട്രീയപാപ്പരത്തമോര്‍ത്തും സഹതപിക്കാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

To advertise here,

ജനുവരിയില്‍ താനും സഹപ്രവര്‍ത്തകരും കെപിസിസി ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള ഡോക്ടര്‍ സരിന്റെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്ന് വീണ പറയുന്നു. 

25 പേരടങ്ങുന്ന ഡിഎംസി ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും സ്വന്തം ഫാന്‍ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നതിനുമാണ് സരിന്‍ ശ്രമിച്ചതെന്ന് വീണ പറയുന്നു. ഇത് ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കാണിച്ചായിരുന്നു വീണയുടെയും സഹപ്രവര്‍ത്തകരുടേയും പരാതി. 

ഡിഎംസി എന്നാല്‍ താന്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ് സരിന്‍ ആദ്യം ശ്രമിച്ചത്. ഇതിനായി മറ്റ് ഡിഎംസി അംഗങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സരിന്‍ നിലപാടെടുത്തു. തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കുക എന്നതായിരുന്നു അടുത്ത നടപടി. ആഴ്ചയില്‍ നടക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ടാര്‍ഗറ്റ് ചെയ്തു അധിക്ഷേപിക്കുക എന്ന അജണ്ടയായിരുന്നു  നടപ്പിലാക്കിയത് . ഞാനും താരയും ആയിരുന്നു ആദ്യ ടാര്‍ഗറ്റെന്നും വീണ പറയുന്നു.

കരാറുകള്‍ അടക്കം എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കാന്‍ തുടങ്ങി. അതുമൂലമുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും ഞങ്ങള്‍ കൂടി ഭാഗം ആകും എന്ന് ബോധ്യപെട്ടത്തോടെയാണ് രേഖമൂലം പരാതി നല്‍കാന്‍ തീരുമാനിച്ചത്. 

കെ.പി.സി.സിയ്ക്ക് പരാതി കൊടുത്ത വിവരം സ്വകാര്യ ചാനലിന് ചോര്‍ന്നു. ഞങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. കുറ്റവാളിയായി ചിത്രീകരിക്കുന്ന  സാഹചര്യവും സൈബര്‍ വിചാരണയിലേക്ക് വരെ കാര്യങ്ങളുമെത്തി. പരാതിയുടെ മെറിറ്റ് ചര്‍ച്ച ചെയ്യുന്നതിനു പകരം പാര്‍ട്ടിക്കെതിരെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന നറേറ്റീവ് ഉണ്ടാക്കി. ഞങ്ങളെ മിണ്ടാതെയാക്കി.

ഈ കഴിഞ്ഞ 10 മാസം ദൈവത്തോട് ആട്ടിന്‍തോലണിഞ്ഞ ചെന്നായിയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നമ്മുടെ നിരപരാധിത്തം തെളിയിക്കണമെന്നും പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ലെന്നും. ജനുവരി 1, 2024 മുതല്‍ ഈ കുറിപ്പ് എഴുതുന്ന നിമിഷംവരെ പൂര്‍ണാര്‍ത്ഥത്തില്‍ സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും വീണ നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.