
കൊച്ചി: വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ഇവരിൽ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ്യക്തിപരമായി നിർദേശിക്കുമെന്നായിരുന്നു ഒരു ചാനൽ അഭിമുഖത്തിനിടെ ചോദ്യം. അൽപംപോലും ആലോചിക്കാതെ കെ.സുധാകരൻ രമേശ് ചെന്നിത്തലയെന്ന് മറുപടി നൽകി. മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കെ.സുധാകരന്റെ നിലപാട് മാറി. കെ.സി.വേണുഗോപാൽ നേതൃത്വം നൽകുന്ന കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ഇപ്പോൾ സുധാകരൻ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ടാണ് സുധാകരന്റെ പൂഴിക്കടകൻ എന്നാണ് സൂചന. മുഖ്യമന്ത്രി കസേരയെ ചൊല്ലി പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പുല്ലുവില നൽകി സുധാകരൻ ഫെയ്സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി. ആരെ മുഖ്യമന്ത്രിയാക്കിയാലും സതീശന് നൽകരുതെന്ന വ്യക്തമായ സൂചനകളാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി നടത്തിയ അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്.
കണ്ണൂരിൽ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള സുധാകരന്റെ മോഹത്തിന് തടയിട്ടത് സതീശനാണെന്ന് സുധാകരൻ ഉറച്ച് വിശ്വസിക്കുന്നുണ്ട്. സിറ്റിങ് എംപിമാർ മത്സരിക്കേണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ സതീശന്റെ കടുംപിടിത്തമാണെന്നാണ് സുധാകരൻ അനുകൂലികൾ പറയുന്നത്. സുധാകരനെ വെട്ടുക മാത്രമാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നും അവർ പറയുന്നു. കൂടാതെ കണ്ണൂരിൽ ടി.ഒ.മോഹനനെ സ്ഥാനാർഥിയാക്കിയതിലും സുധാകരന്റെ അഭിപ്രായം പരിഗണിക്കാതെയാണ്.
കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലും സതീശനുമായി അത്ര സുഖത്തിലായിരുന്നില്ല സുധാകരൻ. പലപ്പോഴും ഇത് പരസ്യമായി തർക്കത്തിലേക്കെത്തുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ് സീറ്റിൽ കൂടുതൽ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നുമുള്ള വി.ഡി.സതീശൻ പറഞ്ഞതിനോട് പരിഹാസ ചുവയോടെയാണ് സുധാകരൻ പ്രതികരിച്ചിരുന്നത്. അദ്ദേഹം വനവാസത്തിന് പോകേണ്ടി വരുമല്ലോ എന്നും വാക്ക് പാലിക്കുന്നയാളാണ് സതീശനെന്നും സുധാകരൻ പറയുകയുണ്ടായി.
സതീശനെതിരെ ഒളിയമ്പുമായിട്ടാണ് കെ.സി.വേണുഗോപാലിനെ പുകഴ്ത്തിക്കൊണ്ടുള്ള സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും.
'ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ' ഈ വരികൾ സതീശനെ ഉന്നമിട്ടാണെന്ന് വിലയിരുത്തപ്പെടുന്നത്. എന്നാൽ തന്റെ ആദ്യ ചോയ്‌സായിരുന്ന രമേശ് ചെന്നിത്തലയെ കുറിച്ച് സുധാകരൻ പോസ്റ്റിൽ പ്രത്യേകമായി പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല.
സുധാകരന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം..
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി...
സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.
പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ്
കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്.
കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!
ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ...
Content Highlights: K. Sudhakaran publicly shifts support from Ramesh Chennithala to K.C. Venugopal., Internal rift between Sudhakaran and V.D. Satheesan intensifies ahead of 2026
Published: 16 Apr 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented