ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിപദത്തിനായി നേതാക്കൾ നടത്തുന്ന സമ്മർദനീക്കങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. തെരുവിലെ പ്രകടനങ്ങൾ അച്ചടക്കത്തിന്റെ അതിരുവിടുന്നെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് തീരുമാനമെടുത്തു എന്ന പ്രതീതി ഉണ്ടാകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയിലാണ് പാർട്ടിയുടെ ദേശീയനേതൃത്വം.

To advertise here,

കേരളത്തിൽ നടക്കുന്ന ഫ്ളക്സ് പോരും തെരുവിലെ മാർച്ചുകളും പാർട്ടിക്ക് ഗുണംചെയ്യില്ല. മുതിർന്ന നേതാക്കൾ അണികളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നാണ് ഹൈക്കമാൻഡിന്റെ ആഗ്രഹം. അതിൽ നേതാക്കൾ വിട്ടുവീഴ്ച വരുത്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ പറഞ്ഞു.

ചർച്ചകൾക്ക് ഗാന്ധി കുടുംബവും

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുക്കുന്നതിന് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. മൂന്ന് പേർക്കും സ്വീകാര്യമായ ഫോർമുല ഈ ചർച്ചകളിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. ആവശ്യമെങ്കിൽ സോണിയ ഗാന്ധിയും കേരള നേതാക്കളുമായി ചർച്ച നടത്തും.

എഐസിസി നിരീക്ഷകർ ഇന്ന് ഖാർഗെക്ക് റിപ്പോർട്ട് കൈമാറും

പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് എംഎൽഎമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം അടങ്ങുന്ന റിപ്പോർട്ട് ഇന്ന് മല്ലികാർജുന ഖാർഗെയ്ക്ക് കൈമാറും. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരാണ് റിപ്പോർട്ട് കൈമാറുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായവും നിരീക്ഷകർ ഖാർഗയെ അറിയിക്കും. രാഷ്ട്രീയസാഹചര്യം വിലയിരുത്താൻ കേരളത്തിൽ എത്തിയ പ്രത്യേക എഐസിസി ടീമിന്റെ റീപ്പോർട്ടും ഇന്ന് ലഭിക്കുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.