തിരുവനന്തപുരം: അവസാനവട്ട മിനുക്കുപണിയിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ സ്ഥാനമുറപ്പിച്ചിരുന്ന ഒരുപിടി നേതാക്കൾ പുറത്താകുകയും വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന ചിലർ ഇടംപിടിക്കുകയും ചെയ്തു. സാമുദായികസന്തുലനംമുതൽ ഗ്രൂപ്പ് താത്പര്യങ്ങളും സർവേഫലങ്ങളിലെ കണ്ടെത്തലുകളും പേരുമാറ്റത്തിന് കാരണമായി.

To advertise here,

ഏറ്റുമാനൂരിൽ പോസ്റ്റർവരെയടിച്ച ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി നാട്ടകം സുരേഷിനെ നിയോഗിച്ചത് അവസാനനിമിഷമാണ്. കോട്ടയംജില്ലയിൽ സാമുദായിക പ്രാതിനിധ്യംകൂടി കണക്കിലെടുത്തതായിരുന്നു തീരുമാനം മാറ്റൽ. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരേ ജോയി വെട്ടിക്കുഴിക്കായിരുന്നു ആദ്യംമുതലുള്ള പരിഗണന. എന്നാൽ അവസാനനിമിഷം തീരുമാനം റോയ് കെ. പൗലോസിന് അനുകൂലമായി. കോൺഗ്രസ് പട്ടികയിൽ മാർത്തോമ്മാസഭയ്ക്ക് ഒരു സീറ്റുപോലുമില്ലെന്ന കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിൽ എബി കുര്യക്കോസിന് നറുക്കുവീഴാൻ കാരണം. ‌

എൽദോസ് കുന്നപ്പിള്ളിക്ക് വിനയായത് നിലവിലുള്ള കേസാണ്. കോന്നിയിൽ അടൂർ പ്രകാശിനെ ഒഴിവാക്കിയെങ്കിലും ഈഴവപ്രാതിനിധ്യംകൂടി കണക്കിലെടുത്ത് സതീഷ് കൊച്ചുപറമ്പിലിലെ സ്ഥാനാർഥിയാക്കി. റാന്നിയിൽ പഴകുളം മധുവിന്റെ പേരിനുപകരം ആരോൺ ബിജിലിയുടെ പേരുവന്നെങ്കിലും കെ.സി. വേണുഗോപാൽ മധുവിനായി നിർബന്ധംപിടിച്ചു.

ആറന്മുളയിൽ ഓർത്തഡോക്സ്സഭാ സെക്രട്ടറി ബിജു ഉമ്മന്റെ പേരും പരിഗണിക്കപ്പെട്ടെങ്കിലും സഭാസെക്രട്ടറിസ്ഥാനത്തുനിന്ന് നേരിട്ട് മത്സരരംഗത്തേക്ക് കൊണ്ടുവരുന്നതിനോട് യോജിപ്പുണ്ടായില്ല. ഈ സ്ഥാനത്തേക്ക് യുവ നേതാവ് അബിൻ വർക്കി വന്നു.

കൊച്ചിയിൽ ദീപ്തി മേരിക്കുമേൽ മുഹമ്മദ് ഷിയാസിന്റെ പേരിന് മുൻതൂക്കം ലഭിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ എന്നനിലയിൽ നടത്തിയ പ്രവർത്തനത്തിനുള്ള അംഗീകാരംകൂടിയായി സ്ഥാനാർഥിത്വം. ആലപ്പുഴയിൽ എ.എ. ഷുക്കൂർ തഴയപ്പെട്ടപ്പോൾ പകരം പരിഗണിക്കപ്പെട്ടത് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചതിന് ഗൺമാന്റെയടക്കം മർദനം ഏറ്റുവാങ്ങിയ എ.ഡി. തോമസ്‌ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്.

കുന്നപ്പിള്ളി ഡി.സി.സി. പ്രസിഡന്റാകും

കെ.പി.സി.സി. പ്രസിഡന്റും ഏഴ് ഡി.സി.സി. പ്രസിഡന്റുമാരുമാണ് കോൺഗ്രസ് സ്ഥാനാർഥികളായി ജനവിധി തേടുന്നത്. കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല ആരെയെങ്കിലും ഏൽപ്പിക്കുമോയെന്ന് വ്യക്തമല്ല.

എന്നാൽ, ഡി.സി.സി. പ്രസിഡന്റുമാരുടെ ചുമതലയിൽ പകരക്കാർ വരും. എൻ. ശക്തൻ-തിരുവനന്തപുരം, സതീഷ് കൊച്ചുപറമ്പിൽ-പത്തനംതിട്ട, നാട്ടകം സുരേഷ്-കോട്ടയം, മുഹമ്മദ് ഷിയാസ്-എറണാകുളം, ടി.തങ്കപ്പൻ-പാലക്കാട്, കെ. പ്രവീൺകുമാർ-കോഴിക്കോട്, വി.എസ്. ജോയി-മലപ്പുറം എന്നിവരാണ് മത്സരരംഗത്തുള്ള ഡി.സി.സി. പ്രസിഡന്റുമാർ.

സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിയെ എറണാകുളം ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.