
നീലേശ്വരം/ചേർത്തല: ഇരുപതുവർഷം മുൻപ് ജപ്തിയുടെ നോവറിഞ്ഞ ഉണ്ണിക്കൃഷ്ണന് വയോധികയായ ജാനകിയും കുടുംബവും വീടു നഷ്ടമായി തെരുവിലിറങ്ങേണ്ടിവരുന്നത് സഹിക്കാനായില്ല. മൈലുകൾക്കപ്പുറം, കാണാത്ത നാട്ടിലെ, അറിഞ്ഞുകൂടാത്ത ആ മനുഷ്യരുടെ വേദന ഉണ്ണിക്കൃഷ്ണനെ തന്റെ ഭൂതകാലത്തേക്കു കൊണ്ടുപോയതോടെ മറ്റൊന്നും ആലോചിക്കാതെ ആ കുടുംബത്തിന്റെ കടം വീട്ടാൻ അദ്ദേഹം തയ്യാറായി.
കാസർകോട് ജില്ലയിലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ ചേനറ്റടിയിലെ എഴുപത്തിമൂന്നുകാരി ജാനകിയുടെ കുടുംബത്തിനാണ് മന്നത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ചേർത്തല പാണാവള്ളി 12-ാം വാർഡ് മന്നത്ത് ഉണ്ണിക്കൃഷ്ണൻനായർ എന്ന ഉണ്ണിക്കൃഷ്ണൻ മന്നത്ത് സഹായവുമായി എത്തിയത്.
കേരളബാങ്ക് നീലേശ്വരം ശാഖയിൽ നിന്നെടുത്ത വായ്പ കുടിശ്ശികയായതോടെ ബുധനാഴ്ച ജാനകിയുടെ വീട് ജപ്തിചെയ്തിരുന്നു. അന്തിയുറങ്ങാൻ സ്ഥലമില്ലാതെ പകച്ചുനിൽക്കുകയായിരുന്നു ജാനകിയും മൂന്നും ഏഴും വയസ്സുള്ള ചെറുമക്കളുമടങ്ങുന്ന കുടുംബം. ജാനകിയെയുംകൊണ്ട് ആശുപത്രിയിൽ പോയി മകൻ വിജേഷും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട് വീടു പൂട്ടി ജപ്തിനോട്ടിസ് പതിച്ചതു കണ്ടത്.
കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ് വ്യാഴാഴ്ച വൈകീട്ടോടെ ഉണ്ണിക്കൃഷ്ണൻ മന്നത്ത് 1,92,860 രൂപ ബാങ്കിലടച്ചു. പലിശയും ബാക്കി ചെലവും ബാങ്ക് ഒഴിവാക്കി. തുടർന്ന് വീടിന്റെ താക്കോൽ ബാങ്കധികൃതർ ജാനകിക്കു കൈമാറി.
2013 മാർച്ചിലാണ് ടി.പി. ജാനകി വീടും 16 സെന്റ് സ്ഥലവും പണയപ്പെടുത്തി രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. 60 മാസ കാലാവധിയിൽ 2018 മാർച്ചിൽ മുഴുവനും അടച്ചു തീർക്കേണ്ടതായിരുന്നു. പ്രയാസം കാരണം 2013 ജൂൺ മുതൽ തിരിച്ചടവു മുടങ്ങി. കടാശ്വാസ കമ്മിഷന്റെ ഉത്തരവുപ്രകാരം ആറുമാസത്തിനുള്ളിൽ രണ്ടുലക്ഷം അടയ്ക്കണമെന്ന വ്യവസ്ഥയോടെ തുക ഇളവു ചെയ്തെങ്കിലും ജാനകിയുടെ രോഗം കാരണം നടന്നില്ല.
ഇതിനിടെ തെങ്ങുകയറ്റ ജോലിക്കിടെ വീണ് മകൻ വിജേഷിനു പരിക്കേറ്റത് ദുരിതം ഇരട്ടിപ്പിച്ചു. ഇതോടെയാണ് ബാങ്ക് ജപ്തിയിലേക്കു നീങ്ങിയത്. ജപ്തിചെയ്ത വീടിന്റെ വരാന്തയിലാണ് ബുധനാഴ്ച രാത്രിയിൽ കുടുംബം കിടന്നത്.
എല്ലാ മാർച്ചിലും അദാലത്തു നടത്തി തുകയിൽ ഇളവു നൽകി പണം അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതായി ബാങ്ക് മാനേജർ കെ.എസ്. ഷാജിമോൻ പറഞ്ഞു. 2022-ൽ കടാശ്വാസ കമ്മിഷൻ മുഖേന ആറുമാസത്തിനുള്ളിൽ വായ്പത്തുക മാത്രം തിരിച്ചടച്ചാൽ മതിയെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പലിശയും ബാങ്കു ചാർജുമടക്കം 6,90,850 രൂപയാണ് അടയ്ക്കേണ്ടത്. എന്നാൽ, കുടുംബത്തിന്റെ സ്ഥിതി മുൻനിർത്തി പലിശയും ബാങ്ക് ചാർജായ 92,520 രൂപയും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രയാസം നേരിട്ടതിനെത്തുടർന്ന് അച്ഛൻ രാമചന്ദ്രൻനായർ പണമിടപാടു സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ തുറവൂർ മന്നത്ത് ക്ഷേത്രത്തിനു സമീപത്തുള്ള ഉണ്ണിക്കൃഷ്ണന്റെ മന്നത്തുമഠം കുടുംബവീട് ജപ്തി ചെയ്തിരുന്നു. ബിരുദവിദ്യാർഥിയായിരിക്കുമ്പോഴാണ് പ്രായമായ കുടുംബാംഗങ്ങളോടൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്. ഉണ്ണിക്കൃഷ്ണൻ പിന്നീട്, വിവിധ ബാങ്കുകളിൽ ജോലി ചെയ്തു. ദുബായിൽ ജോലി തേടിപ്പോയി. ഹോട്ടൽ, ഇൗവന്റ് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ്, മീഡിയ, ടെക്നോളജി, ഫിനാൻസ് തുടങ്ങിയ ബിസിനസ് മേഖലകളിൽ വിജയിച്ചു.
മാനേജിങ് ഡയറക്ടറായി മന്നത്ത് ഗ്രൂപ്പ് ഇന്റർ നാഷണൽ കമ്പനി രൂപവത്കരിച്ചാണ് വിദേശത്തും നാട്ടിലും ബിസിനസ് ചെയ്യുന്നത്. ജനുവരിയിൽ നാട്ടിലെത്തിയ അടുത്തമാസം ദുബായിലേക്കു മടങ്ങും.
അന്നു ജപ്തിചെയ്തു മറ്റൊരാളുടെ പേരിലേക്കു മാറ്റിയ കുടുംബവീട് 20 വർഷങ്ങൾക്കുശേഷം തിരിച്ചെടുത്ത് ഇപ്പോൾ നിർമാണപ്രവർത്തനം നടക്കുകയാണ്. മാധ്യമങ്ങളിലെ വാർത്ത കണ്ടതോടെയാണ് കേരള ബാങ്ക് ഡെപ്യൂട്ടി മാനേജർ മനോജിനെ വിളിച്ച് ജാനകിയുടെ കുടുംബത്തെ സഹായിക്കാമെന്നറിയിച്ചത്.
Content Highlights: confiscation kasaragod
Published: 21 Mar 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented